സൂപ്പർഫുഡ് എന്ന് വിശേഷിപ്പിക്കുന്ന ചിയാ സീഡ്സ് ഇന്നത്തെ കാലത്ത് മിക്കവരുടെയും ഡയറ്റിലുള്ള ഭക്ഷ്യപദാർത്ഥമാണ്. ആരോഗ്യം ശ്രദ്ധിക്കുന്നവരും ഭാരം നിയന്ത്രിക്കുന്നവരും ചിയാ സീഡ്സ് പതിവായി കഴിക്കാറുണ്ട്. പക്ഷെ, സൂക്ഷിച്ച് കഴിച്ചില്ലെങ്കിൽ ഗുണത്തേക്കാളേറെ ദോഷമാണ് ഈ വിത്തുകൾ വരുത്തുക. ഒരുപക്ഷെ ജീവൻ വരെ അപകടത്തിലായേക്കാം.
ചിയാ സീഡ് എങ്ങനെ, എത്രമാത്രം, എപ്പോൾ, കഴിക്കുന്നുവെന്നതിന് അനുസരിച്ചാണ് ഫലമുണ്ടാകുന്നത്. തെറ്റായ രീതിയിൽ കഴിച്ചാൽ ദോഷവും, ശരിയായ വിധം ആഹാരത്തിൽ ഉൾപ്പെടുത്തിയാൽ ഗുണങ്ങളും ലഭിക്കും. ചിയാ സീഡ്സ് കഴിക്കുമ്പോൾ ശരീരത്തിനുണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങൾ താഴെ പറയുന്നവയാണ്..
ദഹനപ്രശ്നം: ചിയാ സീഡിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രക്രിയയെ സഹായിക്കുന്നു. എന്നാൽ അമിതമായി ചിയാ സീഡ് കഴിച്ചാൽ വിപരീതഫലമുണ്ടാകും. ശരീരത്തിലെത്തുന്ന ഫൈബർ അധികമാകുന്നതോടെ മലബന്ധം, വയറ്റിൽ ഗ്യാസ്, വയറുവേദന എന്നിവ അനുഭവപ്പെടും. അതിനാൽ മിതമായ അളവിൽ മാത്രം ചിയാ സീഡ് ദിവസവും കഴിക്കുക.
തൊണ്ടയിൽ കുരുങ്ങും: ചിയാ സീഡ് വെള്ളത്തിലിട്ട് കുതിർത്താൽ അതിന്റെ ഭാരവും വലിപ്പവും വർദ്ധിക്കുമെന്ന് നമുക്കറിയാം. കുതിർക്കാതെ ഇവ കഴിച്ചാൽ ഇത് തൊണ്ടയിൽ കുരുങ്ങും. അന്നനാളത്തിൽ പലയിടത്തും ഇവ ഒട്ടിപ്പിടിച്ചിരിക്കും. ഇതുവഴി ശ്വാസതടസമുണ്ടാകും. ഒരുപക്ഷെ ജീവൻ വരെ അപകടത്തിലാകും. അതിനാൽ ചിയാ സീഡ് കുതിർക്കാതെയോ വെള്ളത്തോടൊപ്പം അല്ലാതെയോ കഴിക്കരുത്. നിർബന്ധമായും വെള്ളത്തിലോ പാലിലോ കുതിർത്തതിന് ശേഷം മാത്രം കഴിക്കുക.
രക്തസമ്മർദ്ദം കുറയും: ധാരാളം ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ളതിനാൽ ചിയാ സീഡ് കഴിക്കുമ്പോൾ രക്തസമ്മർദ്ദം നിയന്ത്രിക്കപ്പെടും. ബിപി കൂടുതലുള്ളവർ അതിന് മരുന്നു കഴിക്കുന്നുണ്ടെങ്കിൽ അത്തരക്കാർ ചിയാ സീഡ് കൂടി കഴിച്ചാൽ ഒരുപക്ഷെ ബിപി വല്ലാതെ കുറഞ്ഞുപോകാൻ സാധ്യതയുണ്ട്.
രക്തത്തിന്റെ കട്ടി കുറയ്‌ക്കുന്നു: ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ളതിനാൽ രക്തത്തിന്റെ ഒഴുക്ക് വർദ്ധിപ്പിക്കാൻ ചിയാ സീഡിന് കഴിയും. രക്തം കട്ടപിടിക്കാതിരിക്കാൻ anticoagulants മരുന്ന് കഴിക്കുന്നവർ ചിയാ സീഡ് കൂടി കഴിക്കുമ്പോൾ ഫലം ഇരട്ടിയാകും. അത് ഒരുപക്ഷെ രക്തസ്രാവത്തിലേക്ക് വരെ നയിച്ചേക്കാം.
അലർജി: പൊതുവെ അലർജിയുണ്ടാക്കുന്ന ഒന്നല്ല ചിയാ സീഡ് എങ്കിലും ചിലരിൽ ഇവ പ്രശ്നക്കാരനാണ്. കടുക്, എള്ള് തുടങ്ങിയവ കഴിക്കുമ്പോൾ അലർജിയുള്ള വ്യക്തികൾ ചിയാ സീഡ് കഴിക്കുമ്പോഴും ശ്രദ്ധിക്കണം.
ഭാരം കൂടും: ചിയാ സീഡിൽ ധാരാളം കലോറി ഉണ്ട്. ആഹാരക്രമീകരണം ശ്രദ്ധിക്കാതെ ദിവസവും അമിതമായി ചിയാ സീഡ് കഴിച്ചാൽ ശരീരത്തിൽ കലോറിയുടെ അളവ് കൂടും. താമസിയാതെ ഭാരവും വർദ്ധിക്കും.