മലപ്പുറം: പൊന്നാനിയിൽ ഡോക്ടർക്ക് നേരെ കത്തിവീശി യുവാവിന്റെ പരാക്രമം. താലൂക്ക് ആശുപത്രിയിലാണ് സംഭവം. വീര്യം കൂടിയ മയക്ക് ഗുളിക നൽകാത്തതിനെ തുടർന്നാണ് രോഗി ഡോക്ടർക്ക് നേരെ കത്തി വീശിയത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. ഉറങ്ങുന്നതിനായി വീര്യം കൂടിയ മയക്ക് ഗുളിക ആവശ്യപ്പെട്ട രോഗിക്ക് ഡോക്ടർ മരുന്ന് നൽകിയില്ല. ഇതിൽ പ്രകോപിതനായ യുവാവ് പുറത്തുപോയി കത്തിയുമായി തിരിച്ചു വരികയും ഡോക്ടറെ ഭീഷണിപ്പെടുത്തി മരുന്ന് കുറിച്ചെടുക്കുകയുമായിരുന്നു.
ആശുപത്രിയിൽ പരാക്രമം നടത്തിയ ഇയാൾ രോഗികളെയും ഡോക്ടറെയും അസഭ്യം പറയുകയും ചെയ്തു.
രോഗിയുടെ പരാക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. രണ്ട് സെക്യൂരിറ്റി ജീവനക്കാർ ഇയാളുടെ പരാക്രമം കണ്ട് നിൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
യുവാവിനെ കീഴടക്കാനോ പൊലീസിൽ വിവരം അറിയിക്കുന്നതിനോ സെക്യൂരിറ്റി ജീവനക്കാർ തയ്യാറായില്ലെന്ന വിമർശനവും ഉയർന്നു. ഇതോടെ ആശുപത്രി അധികൃതർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.















