ചെന്നൈ: ടെലഗ്രാമിനെതിരെ കേസ് ഫയൽ ചെയ്ത് ഹെൽത്ത് ഇൻഷുറൻസ് സ്ഥാപനമായ സ്റ്റാർ ഹെൽത്ത്. പോളിസി ഉടമകളുടെ വ്യക്തിഗത വിവരങ്ങളും മെഡിക്കൽ റിപ്പോർട്ടുകളും ചോർത്താൻ ഹാക്കർമാർ ടെലഗ്രാമിലെ ചാറ്റ്ബോട്ടുകൾ ഉപയോഗിക്കുന്നുവെന്ന് വാർത്ത ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റാർ ഹെൽത്ത് നിയമനടപടിയുമായി മുന്നോട്ട് പോയത്.
യുഎസ് കേന്ദ്രമായി പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ സ്ഥാപനമായ ക്ലൗഡ്ഫ്ലെയറിനെതിരെയും സ്റ്റാർ ഹെൽത്ത് കേസ് ഫയൽ ചെയ്തിട്ടുണ്ട്. സ്റ്റാർ ഹെൽത്തിന്റെ ഹർജിയിൽ വാദം കേട്ട മദ്രാസ് ഹൈക്കോടതി ഇന്ത്യയിലെ ആരോപണ വിധേയമായ ചാറ്റ്ബോട്ടുകളും വെബ്‌സൈറ്റുകളും ബ്ലോക്ക് ചെയ്യാൻ ടെലഗ്രാമിന് നിർദ്ദേശം നൽകി. ഒക്ടോബർ 25 ന് കേസ് വീണ്ടും പരിഗണിക്കും.
31 ദശലക്ഷത്തിലധികം സ്റ്റാർ ഹെൽത്ത് ഉപഭോക്താക്കളിൽ നിന്ന് മോഷ്ടിച്ച 7 ടെറാബൈറ്റിലധികം ഡാറ്റ തങ്ങളുടെ കൈവശമുണ്ടെന്നാണ് ‘xenZen’ എന്ന പേരിൽ അറിയപ്പെടുന്ന ഈ ചാറ്റ്‌ബോട്ടുകളുടെ സ്രഷ്ടാവ് അവകാശപ്പെടുന്നത്.യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർ സുരക്ഷാ ഗവേഷകൻ ജേസൺ പാർക്കർ ആണ് വിവരച്ചോർച്ച സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. എന്നാൽ വിവരങ്ങൾ വ്യാപകമായി ചോർന്നിട്ടില്ലെന്നായിരുന്നു സ്റ്റാർ ഹെൽത്ത് അധികൃതരുടെ നിലപാടെടുത്തത്. ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്ന സംഭവത്തിൽ ഇതിനോടകം വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റാർ ഹെൽത്ത് കോടതിയെ സമീപിച്ചത്.
ചാറ്റ് ബോട്ടുകളുടെ സഹായത്തോടെ ഉപഭോക്താവിന്റെ പേര്, ഫോൺ നമ്പർ, വിലാസം, നികുതി വിവരങ്ങൾ, തിരിച്ചറിയൽ രേഖകളുടെ പകർപ്പുകൾ, പരിശോധന ഫലങ്ങൾ ഉൾപ്പെടെ ലഭിച്ചതായാണ് റോയിട്ടേഴ്‌സിന്റെ റിപ്പോർട്ട്.