തൃശൂർ : ഗുരുവായൂര്‍ ഉണ്ണിക്കണ്ണന്റെ പ്രിയ ഗോപികമാരുടെ നൃത്തം ഇനി തിരുപ്പതി വെങ്കിടാചലപതിയ്‌ക്ക് മുന്നിൽ . ജന്മാഷ്ടമി ദിനത്തില്‍ ഗുരുവായൂരിനെ അമ്പാടിയാക്കി മാറ്റുന്ന ഗോപികാ നൃത്തം, ഉറിയടിനൃത്തം, താലപ്പൊലി , രാധാമാധവ നൃത്തം, മയൂരനൃത്തം എന്നിവയാണ് തിരുപ്പതി ബ്രഹ്മോത്സവത്തിന്റെ ഭാഗമായ ഗരുഢ സേവാദിനത്തിൽ അരങ്ങേറുക. ടിടിഡിയുടെ പ്രത്യേക ക്ഷണപ്രകാരമാണിത്.
തിരുപ്പതി ദേവസ്വം ഭാരവാഹികൾ അഷ്ടമിരോഹിണിദിവസം ഗുരുവായൂരിലെത്തിയപ്പോൾ ഗോപികാനൃത്തം കണ്ട് ഇഷ്ടപ്പെട്ടിരുന്നു. അതിന്റെ വീഡിയോ എടുക്കുകയുമുണ്ടായി.തിരുപ്പതിദേവസ്വം ഭരണസമിതിയിൽ ചർച്ച ചെയ്തശേഷമായിരുന്നു ഗുരുവായൂരിലെ ആഘോഷക്കമ്മറ്റിക്കാരെ ദേവസ്വംബോർഡ് ക്ഷണിച്ചത്.
ഒക്ടോബര്‍ 5 ന് ഗുരുവായൂരില്‍ ദീപാരാധനയ്‌ക്കുശേഷമാണ് 150 ഓളം കലാകാരന്മാര്‍ തിരുപ്പതിയിലേയ്‌ക്ക് യാത്ര തിരിയ്‌ക്കുന്നത്. സംഘത്തിനുള്ള യാത്ര, താമസം, ദര്‍ശന സൗകര്യം, ഭക്ഷണം, പരിപാടികളുടെ ഏകോപനം എന്നിവ ഒരുക്കുന്നത് തിരുപ്പതി ദേവസ്വത്തിനുകീഴില്‍ കേരളത്തില്‍ പ്രവര്‍ത്തിയ്‌ക്കുന്ന പാലക്കാട് ശ്രീനിവാസ ട്രസ്റ്റാണ്.
ആര്‍ദ്ര എസ്. നായര്‍, കൃഷ്ണശ്രീ, ആന്‍മിഘ, ഗൗരിനന്ദ എന്നിവരാണ് ഉറിയടിയിൽ കൃഷ്ണവേഷം കെട്ടിയാടുന്നത് . ഗോപികാ നൃത്തത്തില്‍ ഇന്ദുബാലയും, രാധാമാധവ നൃത്തത്തില്‍ അമൃതയും, കൃഷ്ണന്മാരാകും . രാധമാരായി വൈഗ എസ്. നായരും, അനഘ പി. കൃഷ്ണകുമാറും എത്തും . ബ്രഹ്മോത്സവം നടക്കുന്ന ആറ്, ഏഴ്, എട്ട് തീയതികളിലാകും നൃത്തപരിപാടികൾ . ഉറിയടിക്കുള്ള എല്ലാ സജ്ജീകരണങ്ങളുമായാണ് സംഘം പുറപ്പെടുക. ലോകപ്രശ്സതമായ ബ്രഹ്മോത്സവത്തിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ആഘോഷങ്ങളുണ്ട്.