ശ്രീനഗർ: പ്രതിപക്ഷ നേതാവ് രാഹുലിനെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺഗ്രസിന്റെ ഗൂഢതന്ത്രങ്ങൾ ജമ്മുകശ്മീരിൽ നടപ്പാകില്ലെന്ന് അമിത് ഷാ തുറന്നടിച്ചു. ആർട്ടിക്കിൾ 370 ജമ്മുകശ്മീരിൽ വീണ്ടും നടപ്പിലാക്കാണമെന്ന രാഹുലിന്റെയും കോൺഗ്രസിന്റെയും ഉദ്ദേശ്യം മാറ്റിവയ്‌ക്കാനും അദ്ദേഹം താക്കീത് നൽകി. ജമ്മുകശ്മീരിൽ പൊതുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” ആർട്ടിക്കിൾ 370 ജമ്മുകശ്മീരിൽ വീണ്ടും നടപ്പിലാക്കാനാണ് കോൺഗ്രസ്- നാഷണൽ കോൺഫറൻസ് സഖ്യം ശ്രമിക്കുന്നത്. എന്നാൽ അവർക്ക് മുമ്പുള്ള മൂന്ന് തലമുറകൾ വിചാരിച്ചാലും കേന്ദ്രസർക്കാർ ഉള്ളിടത്തോളം കാലം ആർട്ടിക്കിൾ 370 ജമ്മുകശ്മീരിൽ നടപ്പിലാക്കാൻ അനുവദിക്കില്ല. നിങ്ങളുടെ ഓരോ വോട്ടും മുഴുവൻ ജമ്മുകശ്മീരിനും നാളത്തെ നിങ്ങളുടെ തലമുറയുടെ നല്ല ഭാവിക്കും വേണ്ടിയുള്ളതാണ്.”- അമിത് ഷാ പറഞ്ഞു.
സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ജമ്മുകശ്മീരിൽ ആർട്ടിക്കിൾ 370 ഇല്ലാതെ നടപ്പിലാക്കിയ ആദ്യ തെരഞ്ഞെടുപ്പാണ്. ഇവിടെ നിങ്ങൾക്ക് പ്രത്യേക പതാകയില്ല. ഇവിടെ പ്രത്യേക വ്യത്യാസങ്ങളില്ല. എല്ലാവരും ഇന്ത്യക്കാരാണെന്ന തിരിച്ചറിവാണ് ഇപ്പോൾ ജമ്മുകശ്മീരിലുള്ളതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
നെഹ്‌റു, മുഫ്തി, അബ്ദുള്ള തുടങ്ങിയവരരെയും അമിത് ഷാ രൂക്ഷമായി വിമർശിച്ചു. മൂന്ന് കുടുംബങ്ങളും അവരുടെ നിലനിൽപ്പിനായി കുടുംബാംഗങ്ങളെ മാത്രം വളർത്തിയെടുക്കാൻ ശ്രമിച്ചു. 87 എംഎൽഎമാരാണ് ഇത്തരത്തിൽ മൂന്ന് കുടുംബങ്ങളിൽ നിന്നായി അഴിമതി നടത്തുന്നതിനായി വളർന്ന് വന്നത്. എന്നാൽ 2014 ഓടെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അഴിമതിക്കറ പുരണ്ട പുഴകൾ വൃത്തിയാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.
40 വർഷത്തോളം ജമ്മുക്ശമീരിൽ ഭീകരവാദ പ്രവർത്തനങ്ങൾ സജീവമായിരുന്നു. ഭീകരരെ പിന്തുണയ്‌ക്കുന്ന നിലപാടുകൾ കോൺഗ്രസ് സ്വീകരിക്കുന്നത് പലപ്പോഴും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എന്നാൽ ഇന്ന് ജമ്മുകശ്മീരിലേക്ക് വിനോദസഞ്ചാരികൾ ഒഴുകിയെത്തുന്നു. ഭീകരവാദത്തെ പ്രധാനമന്ത്രി കശ്മീരിൽ നിന്നും തുടച്ചുനീക്കിയെന്നും അമിത് ഷാ പറഞ്ഞു.