ലക്നൗ: ജോലി സമ്മർദ്ദത്തെ തുടർന്ന് ജീവനക്കാരി ബാങ്കിനുള്ളിൽ കുഴഞ്ഞുവീണു മരിച്ചു. വിഭൂതിഖണ്ഡിലെ എച്ച്.ഡി.എഫ്.സി ശാഖയിലെ ജീവനക്കാരി സദാ ഫാത്തിമയാണ് ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചത്.
അമിത ജോലി സമ്മർദ്ദം മൂലം പൂനെയിലെ ചാർട്ടേഡ് അക്കൗണ്ടന്റായിരുന്ന മലയാളി യുവതി അന്ന സെബാസ്റ്റ്യന്റെ മരണത്തിൽ അന്വേഷണം നടക്കുന്നതിനിടെയൊണ് സദാ ഫാത്തിമയുടെ മരണം. ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ യുവതി കസേരയിൽ നിന്ന് ബോധരഹിതയായി തറയിൽ വീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ മരണത്തിൽ വ്യക്തത വരുള്ളൂവെന്നും അധികൃതർ അറിയിച്ചു. അതേസമയം, സദാ ഫാത്തിമയ്‌ക്ക് ജോലി സമ്മർദ്ദം ഉണ്ടായിരുന്നതായി സഹപ്രവർത്തകർ ആരോപിച്ചിട്ടുണ്ട്.















