തിരുവനന്തപുരം: പി വി അൻവർ ഏതെങ്കിലും ശത്രുക്കളുടെ കൈയ്യിൽപ്പെട്ടതായി സംശയിക്കുന്നുവെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. എഡിജിപിയുമായി ബന്ധപ്പെട്ട് അൻവർ നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെ ഇത്തരത്തിലുള്ള പരസ്യ ആക്ഷേപങ്ങൾ ഉന്നയിക്കുന്നത് ശരിയല്ലെന്ന് രാമകൃഷ്ണൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെയും പാർട്ടിയെയും കടന്നാക്രമിച്ചുകൊണ്ടുള്ള അൻവറിന്റെ വാർത്താസമ്മേളനത്തിന് ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ടി.പി. രാമകൃഷ്ണൻ.
“ഇടതുപക്ഷ മുന്നണിക്ക് ചേരുന്ന രീതിയിലുള്ള സംസാരമല്ല, അൻവറിന്റേത്. അദ്ദേഹം പറയുന്ന കാര്യങ്ങളും നിലപാടുകളും ഒരിക്കലും പാർട്ടിയുമായി ആലോചിച്ച് എടുത്തിട്ടുള്ളതല്ല. അൻവറിന്റെ നിലപാടുകളെല്ലാം അങ്ങേയറ്റം തെറ്റാണ്. രാഷ്‌ട്രീയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിന് മനഃപൂർവ്വവും ഏതോ ശക്തികൾ ശ്രമിക്കുകയാണ്. മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാനുള്ള അവകാശം അൻവറിനുണ്ട്. എന്നാൽ ജനങ്ങൾ നൽകിയ അംഗീകാരം ഇല്ലാതാക്കാൻ അദ്ദേഹത്തിന് കഴിയില്ല”.
ജനങ്ങളിൽ നിന്ന് നേടിയ സൂര്യതേജസാണ് മുഖ്യമന്ത്രിക്കുള്ളത്. അത് അൻവറിന്റെ പത്രസമ്മേളനം കൊണ്ടോ, ആരോപണങ്ങൾ കൊണ്ടോ ഇല്ലാതാകില്ല. എട്ട് വർഷമില്ലാത്ത പ്രശ്നം ഇപ്പോൾ എങ്ങനെയാണ് ഉണ്ടായത്. ഇതൊക്കെ അടിസ്ഥാന രഹിതമാണ്. അൻവർ തെറ്റിനൊപ്പം നിൽക്കുകയാണ്. മുഖ്യമന്ത്രിയുടെ തേജസ് കെട്ടുപോയിട്ടില്ല. അത് കൃത്രിമമായി ഉണ്ടാക്കിയതല്ല, അതുകൊണ്ട് തന്നെ അൻവറിന്റെ പത്രസമ്മേളനത്തിലൂടെ ആ തേജസ് കെട്ടുപോകില്ലെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.