ബംഗ്ലാദേശിനെതിരെയുള്ള ടി20 പരമ്പരയിൽ മലയാളി താരം സഞ്ജു സാംസൺ ടീം ഇന്ത്യയുടെ ഓപ്പണറാകുമെന്ന് വിവരം. ക്രിക് ബസാണ് ഇതുസംബന്ധിച്ച വാർത്ത പങ്കുവച്ചത്. ഇഷാൻ കിഷനെ മറികടന്ന് ടീമിലെത്തുന്ന സഞ്ജു ഇന്ത്യയുടെ ആദ്യ വിക്കറ്റ് കീപ്പറാകുമെന്ന് സൂചനയുണ്ട്. ഇഷാന്റെ മടങ്ങി വരവ് ഇനിയും താമസിക്കുമെന്നാണ് വിവരം.
ഇറാനി കപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്തിയ ഇഷാൻ കൂടുതൽ ആഭ്യന്തര ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവരും. അതേസമയം ശ്രീലങ്കയ്‌ക്കെതിരെയുള്ള ടി20യിലെ സഞ്ജുവിന്റെ പ്രകടനം സെലക്ടർമാർ പരിഗണിക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം. ടെസ്റ്റ് കളിക്കുന്ന ശുഭ്മാൻ ഗില്ലിനും യശസ്വി ജയ്‌സ്വാളിനും വിശ്രമ നൽകുന്ന ഘട്ടത്തിലാകും സഞ്ജു അഭിഷേക് ശർമ്മയ്‌ക്ക് ഒപ്പം ഓപ്പൺ ചെയ്യുക.
ടി20 പരമ്പര ആരംഭിക്കുന്നതിന് ഒരു ദിവസം മുൻപാണ് ഇറാനി ട്രോഫി അവസാനിക്കുന്നത്. ന്യൂസിലൻഡ്, ഓസ്‌ട്രേലിയ എന്നിവർക്കെതിരെയുള്ള ടെസ്റ്റ് പരമ്പരകളിൽ പങ്കെടുക്കുന്നതിനാൽ ഋഷഭ് പന്തിന് വിശ്രമം നൽകുന്ന സാഹചര്യത്തിലാണ് സഞ്ജുവിനെ പ്രധാന വിക്കറ്റ് കീപ്പറാക്കുക. രണ്ടാം വിക്കറ്റ് കീപ്പറായി ജിതേഷ് ശർമ്മ ടീമിലെത്തും. രോഹിത് ശർമ്മയും വിരാട് കോലിയും രവീന്ദ്ര ജഡേജയുമടക്കമുള്ളവർ ടി20യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഇതാണ് കൂടുതൽ യുവതാരങ്ങളെ ടീമിലേക്ക് പരിഗണിക്കുന്നതിന് കാരണം.
ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ടി20യിൽ സഞ്ജു ഓപ്പണറായി ഇറങ്ങിയെങ്കിലും ഗോൾഡൻ ഡക്കായിരുന്നു. മൂന്നാം ടി20യിൽ മൂന്നാമനായിട്ടും പൂജ്യത്തിന് പുറത്തായി. ഇതോടെ താരത്തിനെതിരെ വിമർശനവും ശക്തമായി. അതുകൊണ്ട് താരത്തിന് ഇതിനെല്ലാം മറുപടി കൊടുക്കേണ്ടിയിരിക്കുന്നു.