ന്യൂഡൽഹി: യുഎൻ സുരക്ഷാ സമിതിയിൽ ഇന്ത്യയ്‌ക്ക് സ്ഥിരാംഗത്വം നൽകണമെന്ന ആവശ്യത്തെ ശക്തമായി പിന്തുണച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. യുഎൻ ജനറൽ അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിലാണ് മാക്രോൺ ഇന്ത്യയ്‌ക്ക് പിന്തുണ അറിയിച്ചത്. ബ്രസീൽ, ജർമ്മനി, ജപ്പാൻ, ആഫ്രിക്കയിൽ നിന്നുള്ള രണ്ട് രാജ്യങ്ങൾ എന്നിവർക്കും മാക്രോൺ തന്റെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
യുഎൻ സുരക്ഷാ സമിതിയെ കൂടുതൽ കാര്യക്ഷമമാക്കണമെന്നും, അതിനാൽ രക്ഷാസമിതി വിപുലീകരിക്കുന്നതിനെ ഫ്രാൻസ് എല്ലാക്കാലത്തും പിന്തുണയ്‌ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ” ഇന്ത്യ, ജർമ്മനി, ജപ്പാൻ, ബ്രസീൽ എന്നീ രാജ്യങ്ങൾ യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗങ്ങൾ ആയിരിക്കണം. ഒപ്പം ആഫ്രിക്കയെ പ്രതിനിധീകരിക്കാൻ സാധിക്കുന്ന രണ്ട് രാജ്യങ്ങളും സമിതിയിൽ അംഗങ്ങളാകണം. യുഎന്നിനെ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ഇത് അനിവാര്യമാണെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നു.
അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും നിലനിർത്തുന്നതിൽ ഇത്തരത്തിലുള്ള പരിഷ്‌കാരങ്ങൾ സഹായകമാകുമെന്നും” മാക്രോൺ വ്യക്തമാക്കി. യുഎൻ സുരക്ഷാ സമിതിയിൽ ഇന്ത്യയ്‌ക്ക് സ്ഥിരാംഗത്വം നൽകുന്നതിനെ അമേരിക്ക, റഷ്യ തുടങ്ങിയ രാജ്യങ്ങളും പിന്തുണച്ചിരുന്നു. നിലവിൽ സുരക്ഷാ കൗൺലിൽ 15 അംഗങ്ങളാണ് ഉള്ളത്. യുഎസ്, ചൈന, ഫ്രാൻസ്, റഷ്യ, യുകെ എന്നീ അഞ്ച് സ്ഥിരാംഗങ്ങളാണ് ഉള്ളത്. വീറ്റോ അധികാരമുള്ള രാജ്യങ്ങളാണിത്. ഇതിന് പുറമെ രണ്ട് വർഷം കാലാവധിയിൽ സ്ഥിരമല്ലാത്ത 10 അംഗങ്ങളും ഉണ്ട്.















