കശ്മീർ: കശ്മീരിലെ റിയാസി ജില്ലയിൽ തീർത്ഥാടകരുടെ ബസിന് നേരെ തീവ്രവാദ ആക്രമണമുണ്ടായ കേസുമായി ബന്ധപ്പെട്ട് ഏഴ് ഇടങ്ങളിൽ തിരച്ചിൽ നടത്തി എൻഐഎ സംഘം. ഹൈബ്രിഡ് ഭീകരരുമായും, ഓവർ ഗ്രൗണ്ട് വർക്കേഴ്‌സുമായും ബന്ധപ്പെട്ട ഇടങ്ങളിലാണ് ഇപ്പോൾ തിരച്ചിൽ നടക്കുന്നതെന്നും അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇന്ന് പുലർച്ചെയാണ് തിരച്ചിൽ ആരംഭിച്ചത്.
രജൗറി, റിയാസി ജില്ലകളിലെ ഒന്നിലധികം ഇടങ്ങളിലാണ് ഒരേസമയം പരിശോധന നടക്കുന്നത്. പരിശോധന സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വരും മണിക്കൂറിൽ പുറത്ത് വിടുമെന്നും അധികൃതർ വ്യക്തമാക്കി. ജൂൺ ഒൻപതിനാണ് വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്ക് തീർത്ഥാടനത്തിന് പോവുകയായിരുന്ന ഭക്തർ സഞ്ചരിച്ച ബസിന് നേരെ റിയാസിയിൽ വച്ച് ഭീകരാക്രമണമുണ്ടായത്. സംഭവത്തിൽ പത്ത് പേർ മരിക്കുകയും, നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വൈകിട്ട് ആറ് മണിയോടെ ക്ഷേത്രത്തിന്റെ ബേസ് ക്യാമ്പിലേക്ക് പോവുകയായിരുന്ന ബസിന് നേരെ പ്രദേശത്ത് പതിയിരുന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ അൻപതോളം പേരെ അന്വേഷണവിധേയമായി കസ്റ്റഡിയിലെടുത്തിരുന്നു. ആക്രമണം നടക്കുന്നതിന് മുൻപായി മൂന്ന് ഭീകരർക്ക് സഹായങ്ങൾ കൈമാറിയ ഹഖം ഖാനേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
ജൂൺ മാസം അവസാനത്തോടെ ഈ കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറാൻ ആഭ്യന്തര മന്ത്രാലയം ഉത്തരവിടുകയായിരുന്നു. നിരോധിത ഭീകര സംഘടനയായ ലഷ്‌കർ ഇ ത്വയ്ബയുടെ കീഴിൽ പ്രവർത്തിക്കുന്ന റെസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്വം ആദ്യം ഏറ്റെടുത്തെങ്കിലും, പിന്നീട് ഇത് സംബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവന പിൻവലിച്ചിരുന്നു.















