തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി എംപോക്‌സ് രോഗം സ്ഥിരീകരിച്ചു. എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് യുവാവ് വിദേശത്ത് നിന്നും കേരളത്തിലെത്തിയത്. തുടർന്ന് രോഗലക്ഷണങ്ങൾ പ്രകടമായതോടെ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഇയളുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചു വരികയാണെന്ന് ഡോക്ടർമാർ അറിയിച്ചു. നേരത്തെ മലപ്പുറം സ്വദേശിയായ യുവാവിനും രോഗം സ്ഥിരീകരിച്ചിരുന്നു. പനിയും ദേഹത്ത് കുമിളകളും പ്രത്യക്ഷപ്പെട്ടതോടെ ഇയാൾക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നു.
എംപോക്‌സ്, വായുവിലൂടെ പകരുന്ന രോഗമല്ലെങ്കിലും ഇത് ബാധിച്ച വ്യക്തികളെ നേരിട്ട് സ്പർശിക്കുക, ഇവർ ഉപയോഗിച്ച വസ്തുക്കൾ സ്പർശിക്കുക തുടങ്ങിയവയിലൂടെ രോഗം പകർന്നേക്കാം. പനി, തലവേദന, പേശിവേദന, കഴലവീക്കം, ഊർജകുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ.
പിന്നീട് ദേഹത്ത് ചിക്കൻപോക്‌സിന് സമാനമായ കുമിളകൾ കാണപ്പെടും. ഇത് കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകൾ, എന്നീ ശരീരഭാഗങ്ങളിലും കാണപ്പെടുന്നു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും രോഗം ബാധിച്ച വ്യക്തികളുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കമമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.