ഗായിക അമൃത സുരേഷും നടൻ ബാലയും വിവാഹമോചിതരായതിന് ശേഷം ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ പലപ്പോഴും സോഷ്യൽമീഡിയയിൽ ചർച്ചാവിഷയമായിരുന്നു. ഒടുവിൽ ബാലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മകൾ തന്നെ രംഗത്തുവന്നതോടെ വിഷയം വീണ്ടും ചർച്ചയാവുകയാണ്. അമ്മയെ അച്ഛൻ എത്രമാത്രം ഉപദ്രവിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്ന വീഡിയോ ആയിരുന്നു മകൾ പങ്കുവച്ചിരുന്നത്. ഇതിന് മറുപടിയുമായി ബാല എത്തിയതോടെ സോഷ്യൽമീഡിയയിൽ വീണ്ടും അമൃതയ്‌ക്കും കുടുംബത്തിനുമെതിരെ സൈബറാക്രമണം നടന്നിരുന്നു. ഈ സാഹചര്യത്തിൽ കാര്യങ്ങൾ വിശദമാക്കി രംഗത്തെത്തിയിരിക്കുകയാണ് അമൃത.
മകൾ വീഡിയോ ചെയ്യാനിടയായ സാഹചര്യവും ബാലയിൽ നിന്ന് വിവാഹമോചനം നേടാനുണ്ടായ കാരണവും സംഗീതജ്ഞൻ ഗോപി സുന്ദറുമായുള്ള വേർപിരിയലിനെക്കുറിച്ചുമെല്ലാം അമൃത വിശദീകരിച്ചു. സോഷ്യൽമീഡിയ വിചാരണയിൽ മകളെ പോലും വെറുതെ വിടാത്ത മലയാളികളുടെ മനസിനെയും അമൃത ചോദ്യം ചെയ്തു. മകളെക്കുറിച്ച് ഉയർന്നുവന്ന മോശം കമന്റുകളായിരുന്നു അമൃതയുടെ വൈകാരിക പ്രതികരണത്തിന് ഇടയാക്കിയത്.
ബാലയുടെ പ്രതികരണങ്ങൾ പലപ്പോഴും അമൃതയുടെ കുടുംബത്തെ മോശമായി ചിത്രീകരിക്കുന്നതായിരുന്നു. അച്ഛന്റെ സ്നേഹം അനുഭവിക്കാൻ അനുവദിക്കാത്ത അമ്മ എന്ന രീതിയിൽ അമൃതയെ ചിത്രീകരിക്കുന്നതും മകൾ സ്കൂളിൽ പോകുമ്പോൾ സഹപാഠികൾ അടക്കം ഇത് ചോദ്യം ചെയ്യുന്ന അവസ്ഥ വരെ ഉണ്ടായെന്നും അമൃത വേദനയോടെ പറഞ്ഞു. സ്നേഹസമ്പന്നനായ പിതാവിൽ നിന്ന് എന്തിന് മാറിനിൽക്കുന്നു എന്ന ചോദ്യമാണ് മകൾക്ക് നേരെ ഉയരുന്നത്. പലപ്പോഴും ഉത്തരം പറയാൻ മകൾ നിർബന്ധിതയാകുന്ന സാഹചര്യമുണ്ടായതോടെ സഹികെട്ടാണ് മകൾ സോഷ്യൽമീഡിയയിൽ വീഡിയോ പങ്കുവച്ചത്. എന്നാൽ അതിന് താഴെ മകളെ മോശമായി ചിത്രീകരിക്കുന്ന കമന്റുകളാണ് ഉണ്ടായതെന്നും മലയാളികൾ എന്തിനാണ് ഇത്രയും സൈബർ ബുള്ളീയിംഗ് നടത്തുന്നതെന്നും അമൃത കരഞ്ഞുകൊണ്ട് ചോദിച്ചു.
ബാലയെ വിവാഹം കഴിക്കുന്നതിൽ നിന്ന് മാതാപിതാക്കൾ അടക്കം പലരും പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നെങ്കിലും തീരുമാനത്തിൽ നിന്ന് പിന്മാറാൻ തയ്യാറായില്ല. 18 വയസിൽ എടുത്ത തീരുമാനം തെറ്റായി പോയെന്ന് പിന്നീട് ബോധ്യപ്പെട്ടു. ബാലയുടെ മർദ്ദനം സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. പലപ്പോഴും ചോരതുപ്പി കിടക്കേണ്ടി വന്നിട്ടുണ്ട്. ഒടുവിൽ തന്റെ മകൾ ഇത് അനുഭവിക്കേണ്ട സാഹചര്യമുണ്ടാകരുതെന്ന് കരുതിയാണ് കിട്ടിയതുമെടുത്ത് ബാലയുടെ വീട്ടിൽ നിന്ന് ഇറങ്ങിയതെന്നും അമൃത പറഞ്ഞു.
14 വർഷത്തിന് ശേഷമാണ് മറ്റൊരു ബന്ധത്തിലേക്ക് താൻ കടന്നത്. വീണ്ടും പ്രണയം തോന്നിയതുകൊണ്ട് മാത്രം. ഗോപി സുന്ദറുമായുള്ള അടുപ്പത്തിലേക്ക് നയിച്ചതിന് സംഗീതം മറ്റൊരു കാരണമായിരുന്നു. മുൻബന്ധത്തിൽ നിന്ന് ട്രോമാറ്റിക് അനുഭവമുണ്ടായതിനാൽ രണ്ടാമത്തെ ബന്ധം വളരെ നന്നായി കലാശിക്കണമെന്ന് ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തിരുന്നു. എന്നാൽ ഗോപി സുന്ദറുമായുള്ള ബന്ധത്തിന് അധികം ആയുസ്സുണ്ടായില്ല. ഇനിയും മുന്നോട്ട് പോയാൽ ശരിയാകില്ലെന്ന് തങ്ങൾ രണ്ടുപേർക്കും തോന്നിയപ്പോൾ പരസ്പരം സംസാരിച്ച് എടുത്ത തീരുമാനമാണ് വേർപിരിയുക എന്നത്. വളരെ ബഹുമാനത്തോടെയാണ് രണ്ടുപേരും പിരിഞ്ഞത്.
എന്നാൽ ആദ്യ ബന്ധം തകർന്ന് 14 വർഷത്തിന് ശേഷം തനിക്കൊരു പ്രണയബന്ധമുണ്ടായത് വളരെ മോശമായ രീതിയിലാണ് മലയാളികൾ ചിത്രീകരിച്ചത്. കമന്റുകളിൽ അശ്ലീലം നിറഞ്ഞ പ്രതികരണങ്ങളാണ് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒടുവിൽ മകൾക്കെതിരെയും മോശം പദപ്രയോഗങ്ങൾ നടത്തുന്നു. വളരെ കഷ്ടപ്പെട്ട് അധ്വാനിച്ച് കഴിയുന്ന കുടുംബമാണ്. ബാലയുടെ പണം കൊണ്ടല്ല, മകളെ ഇതുവരെ വളർത്തി വലുതാക്കിയത്. അവളുടെ വിവാഹത്തിന് പോലും പണം ചെലവാക്കേണ്ടതില്ല എന്ന കരാറിലാണ് ബന്ധം വേർപിരിഞ്ഞത്. ആ കരാറിൽ ഒപ്പിട്ടതുകൊണ്ടാണ് മകളുടെ കസ്റ്റഡി തനിക്ക് ലഭിച്ചതെന്നും അമൃത വ്യക്തമാക്കി. തന്നെയും കുടുംബത്തെയും ഇനിയും വിചാരണ ചെയ്ത് ദ്രോഹിക്കരുതെന്നും ജീവിക്കാൻ അനുവദിക്കണമെന്നും അവർ അഭ്യർത്ഥിച്ചു.
ബാലയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ അമൃതയ്‌ക്കും മകൾക്കുമെതിരെ വലിയൊരു വിഭാഗമാളുകൾ സൈബറാക്രമണം നടത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു അമൃതയുടെ വാക്കുകൾ.















