കശ്മീർ: കശ്മീർ താഴ് വരയിലെ ചെനാബ് പാലത്തിന്റെ മനോഹരമായ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഹെലികോപ്റ്ററിൽ നിന്ന് ചിത്രീകരിച്ച പാലത്തിന്റെ ദൃശ്യങ്ങളാണ് ഇവ. ഹെലികോപ്റ്റർ ഷോട്ട്-ചെനാബ് ബ്രിഡ്ജ് എന്നാണ് വീഡിയോയ്‌ക്കൊപ്പം അദ്ദേഹം കുറിച്ചിരിക്കുന്നത്. കശ്മീരിലെ റിയാസി ജില്ലയിൽ ചെനാബ് നദിക്ക് കുറുകെയാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളുമായി കശ്മീർ താഴ്വരയെ ബന്ധിപ്പിക്കുന്ന പാലമാണിത്.
ചെനാബ് നദിയിൽ നിന്ന് 359 മീറ്റർ ഉയരത്തിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്. 1315 മീറ്ററോളം നീളമുള്ള പാലത്തെ 17 കൂറ്റൻ തൂണുകളാണ് താങ്ങി നിർത്തിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം കൂടിയാണിത്. 1.3 കിലോമീറ്റർ നീളമുള്ള ചെനാബ് പാലത്തിന് പാരീസിലെ ഈഫൽ ടവറിനെക്കാൾ 35 മീറ്ററിലധികം ഉയരമുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത.
Helicopter shot 🎥 – Chenab bridge pic.twitter.com/IGkJ3uZM7u
— Ashwini Vaishnaw (@AshwiniVaishnaw) September 26, 2024
പാലത്തിന്റെ പ്രധാന കമാനത്തിന്റെ നീളം 460 മീറ്ററാണ്. 2017ലാണ് പാലത്തിന്റെ പ്രധാന കമാനത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. 2022ൽ പാലം പണി പൂർത്തിയായെങ്കിലും, 2024ലാണ് പൂർണതോതിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ സാധിച്ചത്. ഭൂമികുലുക്കത്തേയും മോശം കാലാവസ്ഥയേയുമെല്ലാം പ്രതിരോധിക്കാൻ സാധിക്കുന്ന തരത്തിലാണ് നിർമ്മാണം. 120 വർഷമാണ് പാലത്തിന്റെ ആയുസ്സ് കണക്കാക്കിയിരിക്കുന്നത്.















