ഭുവനേശ്വർ: വാടക ഗർഭധാരണത്തിലൂടെ മാതാപിതാക്കളാകുന്ന ജീവനക്കാർക്ക് പ്രസവാവധിയും (Maternity leave) പിതൃത്വ അവധിയും (Paternity leave) അനുവദിച്ച് ഒഡീഷ സർക്കാർ. പുതിയ നിയമമനുസരിച്ച് സംസ്ഥാന സർക്കാർ ജീവനക്കാരായ വനിതകൾക്ക് 180 ദിവസത്തെ പ്രസവാവധിയും പുരുഷ ജീവനക്കാർക്ക് 15 ദിവസത്തെ പിതൃത്വ അവധിയും ലഭിക്കും.
ഔദ്യോഗിക വിജ്ഞാപനം അനുസരിച്ച് രണ്ടിൽ താഴെ കുട്ടികളുള്ള വാടക ഗർഭധാരണത്തിലൂടെ മാതാപിതാക്കളാകുന്നവർക്ക് നയം ബാധകമാണ്. അതേസമയം വാടക ഗർഭംധരിക്കുന്ന സ്ത്രീയ്‌ക്കും സർക്കാർ ജീവനക്കാരിയാണെങ്കിൽ സമാനമായ വ്യവസ്ഥകളിൽ പ്രസവാവധിക്ക് അർഹതയുണ്ട്. കുട്ടി ജനിച്ച് ആറ് മാസത്തിനുള്ളിൽ ഈ അവധി എടുക്കണം.
2024 ജൂൺ 18 ന് കേന്ദ്രസർക്കർ പുറത്തിറക്കിയ വാടക ഗർഭധാരണ അവധി വ്യവസ്ഥകളുമായി ചേർന്നുപോകുന്നതാണ് ഒഡീഷ സർക്കാരിന്റെ പുതിയ തീരുമാനം. പ്രസവ,പിതൃത്വ അവധികളിൽ വാടക ഗർഭധാരണവും ഉൾപ്പെടുത്തിയതോടെ ഈ പുതിയ നയത്തെ പുരോഗമനപരമായ ചുവടുവയ്പ്പയാണ് പരക്കെ പ്രശംസിക്കപ്പെടുന്നത്.















