മുംബൈ: മുൻ രാഷ്‌ട്രപതി എപിജെ അബ്ദുൾകലാമിനെ ഭീകരൻ ഒസാമ ബിൻലാദനുമായി താരതമ്യം ചെയ്ത് എൻസിപി ശരദ് പവാർ പക്ഷം പാർട്ടി നേതാവ് ജിതേന്ദ്ര അവാദിന്റെ ഭാര്യ റുത അവാദ്. എപിജെ അബ്ദുൾ കലാം എങ്ങനെയാണോ രാഷ്‌ട്രപതിയായത് അതുപോലെയാണ് ഒസാമാ ബിൻലാദൻ ഭീകരനായതെന്നായിരുന്നു റുതയുടെ വാക്കുകൾ. താനെയിൽ നടന്ന ഒരു പൊതുപരിപാടിയിലാണ് റുത വിവാദ പരാമർശം നടത്തിയത്.
ഒസാമ ബിൻലാദൻ ഒരിക്കലും തീവ്രവാദിയായി ജനിച്ചിട്ടില്ലെന്നും സമൂഹത്തിലെ സാഹചര്യങ്ങളാണ് അയാളെ ഭീകരനാക്കിയതെന്നും റുത പറഞ്ഞു. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗിക്കുന്നതിനിടെയായിരുന്നു റുതയുടെ വാക്കുകൾ. ബിൻ ലാദൻ എങ്ങനെയാണ് തീവ്രവാദിയായി മാറിയതെന്ന് മനസിലാക്കാൻ അദ്ദേഹത്തിന്റെ ജീവചരിത്രം വായിക്കണമെന്ന് അവർ വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു.
“നിങ്ങൾ ഒസാമ ബിൻലാദന്റെ ജീവചരിത്രം വായിക്കണം. എപിജെ അബ്ദുൾകലാം എങ്ങനെയാണോ രാഷ്‌ട്രപതിയായത് സമാനമായാണ് ഒസാമ ബിൻലാദൻ ഭീകരനായത്. പക്ഷെ അദ്ദേഹം എന്തിനാണ് തീവ്രവാദിയായത്? അങ്ങനെയാകാൻ അയാളെ നിർബന്ധിച്ചത് സമൂഹമാണ്,” റുത പറഞ്ഞു.
വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി രൂക്ഷ വിമർശനവുമായി രംഗത്തെത്തി. കോൺഗ്രസ്-എൻസിപി പവാർ-എസ്പി സഖ്യം തീവ്രവാദികളെ പിന്തുണയ്‌ക്കുന്നത് ഇതാദ്യമായല്ലെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല പറഞ്ഞു. യാക്കൂബ്, അഫ്സൽ, സിമി, കസബ് തുടങ്ങിയ ഭീകരർക്കുവേണ്ടി പ്രതിപക്ഷ നേതാക്കൾ വാദിച്ചിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. മഹാരാഷ്‌ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇൻഡി സഖ്യം പ്രീണന രാഷ്‌ട്രീയം നടത്തുകയാണെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരിയും വിമർശിച്ചു.















