മലപ്പുറം: മയക്കു ഗുളിക എഴുതി നൽകാൻ ഡോക്ടറെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. സക്കീർ (32) ആണ് പിടിയിലായത്. പൊന്നാനി താലൂക്ക് ആശുപത്രിയിൽ ചൊവ്വാഴ്‌ച അർദ്ധാരാത്രിയാണ് പ്രതിയുടെ അതിക്രമം.
അമിതമായ അളവിൽ മയക്കുഗുളികകൾ എഴുതി നൽകണമെന്നാവശ്യപ്പെട്ടാണ് യുവാവ് ആശുപത്രിയിൽ എത്തിയത്. എന്നാൽ സൈക്യാട്രിസ്റ്റിന്റെ കുറിപ്പടിയില്ലാതെ മരുന്ന് നൽകാനാവില്ലെന്ന് ഡോക്‌ടർ പറഞ്ഞു. തുടർന്ന് കത്തിയുമായി മടങ്ങിയെത്തിയ യുവാവ് ഡോക്‌ടറെ ഭീഷണിപ്പെടുത്തി മരുന്ന് എഴുതിക്കുകയായിരുന്നു.
ഡോക്ടറുടെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പൊലീസ് ആശുപത്രിയിൽ എത്തി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.