ബെംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ മരണപ്പെട്ട അർജുന്റെ കുടുംബത്തിന് ധനസഹായവുമായി കർണാടക സർക്കാർ. 5 ലക്ഷം രൂപയുടെ ആശ്വാസ ധനം നൽകുമെന്നാണ് പ്രഖ്യാപനം. 72 ദിവസം നീണ്ടു നിന്ന തിരച്ചിലിനൊടുവിൽ ബുധനാഴ്ചയാണ് അർജുന്റെ ലോറിയും മൃതദേഹവും ഗംഗാവലി പുഴയിൽ നിന്നും കണ്ടെത്തുന്നത്. കേരള സർക്കാർ അർജുന്റെ ഭാര്യ കൃഷ്ണപ്രിയക്ക് സഹകരണബാങ്കിൽ ക്ലാർക്കായി ജോലി നൽകിയിരുന്നു.
ലോറിയിൽ കണ്ടെത്തിയ മൃതദേഹം അർജുന്റേതാണെന്ന് ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞതോടെ കുടുംബത്തിന് കൈമാറാൻ തീരുമാനമായിരുന്നു. നാളെ രാവിലെയോടെ മൃതദേഹം വീട്ടിലേക്കെത്തിക്കാനാകുമെന്ന് അർജുന്റെ സഹോദരീ ഭർത്താവ് ജിതിൻ പറഞ്ഞു. യാത്രയ്‌ക്കായുള്ള സജ്ജീകരങ്ങൾ പൂർത്തിയാക്കിയതായി കർണാടക സർക്കാരും നേരത്തെ അറിയിച്ചിരുന്നു.
ജൂലൈ 16 നാണ് കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ ലോറി ഡ്രൈവറായ അർജുനെ കാണാതാകുന്നത്. 4 ദിവസത്തിന് ശേഷമാണ് വാർത്ത പുറംലോകമറിയുന്നത്. അധികൃതർ നടത്തിയ തെരച്ചിലിൽ ലോറി പുഴയിൽ വീണിട്ടുണ്ടാകാമെന്ന നിഗമനത്തിൽ എത്തിച്ചേരുകയായിരുന്നു. കനത്ത മഴയും പ്രതികൂല കാലാവസ്ഥയും മൂലം തെരച്ചിൽ പലതവണ നിർത്തിവെക്കേണ്ടി വന്നു. പിന്നീട് ഗോവയിൽ നിന്നും ഡ്രഡ്‌ജറടക്കം എത്തിച്ച് നടത്തിയ ദൗത്യത്തിലാണ് കഴിഞ്ഞ ദിവസം അർജുന്റെ ലോറിയും മൃതദേഹവുമുൾപ്പെടെ കണ്ടെത്താനായത്.















