അബുദാബി: കനത്ത മൂടൽമഞ്ഞുണ്ടാകാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് യുഎഇ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിലുള്ളവർക്കാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ജാഗ്രതാ നിർദ്ദേശം നൽകിയത്.
എമിറേറ്റുകളിലെ ചിലയിടങ്ങളിൽ റെഡ്, യെല്ലോ അലർട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്. മൂടൽ മഞ്ഞിൽ കാഴ്ചാപരിധി ആയിരം മീറ്ററിൽ താഴെയാകാൻ സാധ്യതയുണ്ട്. രാവിലെ ഒൻപത് മണിവരെ മൂടൽമഞ്ഞ് ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
അതേസമയം ഫുജൈറ, റാസ് അൽ ഖൈമ, ദുബായ്, അൽ ഐൻ തുടങ്ങിയ വടക്ക് കിഴക്കൻ മേഖലകളിൽ നാളെയും മറ്റന്നാളും മഴയ്‌ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഒക്ടോബർ ഒന്ന് വരെ കാലാവസ്ഥ ഈ രീതിയിൽ തുടരുമെന്നാണ് വിലയിരുത്തൽ.