ഓസ്കർ ജേതാവും ഹാരിപോർട്ടർ സീരീസ് താരവുമായ മാഗി സ്മിത്ത് അന്തരിച്ചു. 89 വയസായിരുന്നു. വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. മരണവിവരം മക്കളാണ് മാദ്ധ്യമങ്ങളെ അറിയിച്ചത്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു മാഗി. രണ്ട് ആൺമക്കളും അഞ്ച് പേരക്കുട്ടികളും അടങ്ങുന്നതായിരുന്നു മാഗിയുടെ കുടുംബം.
Downton Abbey, Harry Potter, The Prime of Miss Jean Brodie എന്നിവയിലെ കഥാപാത്രങ്ങളാണ് മാഗിയെ ശ്രദ്ധേയയാക്കിയത്. 1934ൽ ജനിച്ച മാഗിക്ക് ഓസ്കർ പുരസ്കാരം നേടിക്കൊടുത്തത് The Prime of Miss Jean Brodie എന്ന സിനിമയിലെ പ്രകടനമായിരുന്നു. മികച്ച നടിക്കുള്ള ഓസ്കർ പുരസ്കാരം 1970ലായിരുന്നു അവർ സ്വന്തമാക്കിയത്.
മാഗി മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ പ്രകടനം ഹാരിപോർട്ടർ സീരീസിലേതായിരുന്നു. നോവലിനെ ആസ്പദമാക്കി എത്തിയ സീരിസിൽ പ്രൊഫ. McGonagall എന്ന കഥാപാത്രമായിരുന്നു മാഗി അവതരിപ്പിച്ചത്. 2001 മുതൽ 2011 വരെ പുറത്തിറങ്ങിയ എല്ലാ ഹാരിപോർട്ടർ സീരീസുകളിലും അവർ അഭിനയിച്ചിരുന്നു.















