തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് സസ്‌പെൻഷനിലായിരുന്ന ഡീൻ, ഹോസ്റ്റൽ അസിസ്റ്റന്റ് വാർഡൻ എന്നിവരെ തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ച് ഗവർണർ. സർവകലാശാല ഭരണസമിതിയുടെ തീരുമാനമാണ് ഗവർണർ സ്റ്റേ ചെയ്തത്.
സർവകലാശാല ഭരണസമിതിയുടെ തീരുമാനത്തിനെതിരെ സേവ് യൂണിവേസിറ്റി ക്യാമ്പെയ്ൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകിയിരുന്നു. സിദ്ധാർത്ഥന്റെ മരണത്തിന് കാരണക്കാരായ ഡീനിനെയും അസിസ്റ്റന്റ് വാർഡനെയും യാതൊരുവിധ ശിക്ഷാ നടപടികളും സ്വീകരിക്കാതെ സർവീസിൽ തിരിച്ചെടുക്കാനുള്ള തീരുമാനം തടയണമെന്നാവശ്യപ്പെട്ടായിരുന്നു നിവേദനം.
സംഭവത്തിൽ ഡീനിനും ഹോസ്റ്റൽ അസിസ്റ്റന്റ് വാർഡനും വീഴ്ചയുണ്ടെന്ന് ചാൻസലർ നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. എന്നാൽ ഈ വസ്തുത നിലനിൽക്കെയാണ് ഇവരെ തിരിച്ചെടുക്കാൻ മാനേജിങ് കൗൺസിൽ തീരുമാനിച്ചത്. വിഷയത്തിൽ ഇടപെട്ട ഗവർണർ ഭരണസമിതിയോഗത്തിന്റെ മിനിറ്റ്സ് മരവിപ്പിച്ചു.
ഹൈക്കോടതി റിട്ട: ജസ്റ്റിസ് ഹരിപ്രസാദാണ് സിദ്ധാർത്ഥന്‍റെ മരണത്തെക്കുറിച്ച് അന്വേഷിച്ച് ഗവർണർക്ക് റിപ്പോർട്ട് സമർപ്പിച്ചത്. ഇതിൽ ഡീനും അസിസ്റ്റന്റ് വാർഡനും കുറ്റക്കാരാണെന്നും അവർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതേ റിപ്പോർട്ട് പരിഗണിച്ച യൂണിവേഴ്സിറ്റി ഭരണസമിതി ഭൂരിപക്ഷ അഭിപ്രായത്തിന്‍റെ മറവിൽ രണ്ടുപേരെയും തിരികെ സർവീസിൽ പ്രവേശിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതാണ് ഗവർണർ ഇടപെട്ട് തടഞ്ഞത്.