സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രമായെത്തുന്ന വെബ്സീരീസ് ‘ജയ് മഹേന്ദ്രൻ’ ഉടൻ സ്ട്രീമിംഗ് ആരംഭിക്കും. ഒക്ടോബർ 11 മുതൽ സോണി ലിവിലാണ് സ്ട്രീമിംഗ് തുടങ്ങുന്നത്. ശ്രീകാന്ത് മോഹനനാണ് ‘ജയ് മഹേന്ദ്രൻ’ സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജ്, മഞ്ജു വാര്യർ, ഉണ്ണി മുകുന്ദൻ എന്നീ താരങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ട്രെയിലർ റിലീസ് ചെയ്തത്.
ഡെപ്യൂട്ടി തഹസിൽദാർ മഹേന്ദ്രൻ എന്ന കഥാപാത്രമായാണ് സൈജു കുറുപ്പ് എത്തുന്നത്. സുഹാസിനി, മിയ, വിഷ്ണു ഗോവിന്ദൻ, സുരേഷ് കൃഷ്ണ, മണിയൻപിള്ള രാജു, ബാലചന്ദ്രൻ ചുള്ളിക്കാട് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്. ഫാമിലി -കോമഡി എന്റർടൈനറായാണ് ജയ് മഹേന്ദ്രൻ എത്തുന്നത്.
പ്രേക്ഷകരെ പിടിച്ചിരുത്തുന്ന സീരീസായിരിക്കും ജയ് മഹേന്ദ്രൻ എന്നാണ് ട്രെയിലറിൽ നിന്ന് വ്യക്തമാകുന്നത്. പ്രശാന്ത് രവീന്ദ്രനാണ് ഛായാഗ്രഹണം നിർവ്വഹിക്കുക. സിദ്ധാർത്ഥ പ്രദീപാണ് സംഗീതം ഒരുക്കുന്നത്. വളരെ രസകരമായാണ് ജയ് മഹേന്ദ്രൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതെന്ന് സീരീസിനെ കുറിച്ച് സൈജു കുറുപ്പ് പ്രതികരിച്ചിരുന്നു.















