ആലപ്പുഴ: കേരളത്തിലെ ജലോത്സവങ്ങളിൽ ഏറ്റവും പ്രമുഖമായ നെഹ്റു ട്രോഫി വള്ളംകളി ഇന്ന് നടക്കും.പുന്നമടക്കായലിൽ ഇന്ന് രാവിലെ 11 മണിയ്‌ക്കാണ് മത്സരങ്ങൾ ആരംഭിക്കുക. ജലമാമാങ്കത്തിലെ പ്രധാന ആകർഷണമായ ചുണ്ടൻ വള്ളങ്ങളുടെ മത്സരം ഉച്ചയ്‌ക്ക് രണ്ട് മണി മുതലാണ്. വൈകീട്ട് 5:30ന് പൂർത്തിയാകുന്ന രീതിയിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
19 ചുണ്ടന്‍ വള്ളങ്ങളടക്കം 9 വിഭാഗങ്ങളിലായി 74 വള്ളങ്ങളാണ് 2024ലെ നെഹ്രു ട്രോഫി വള്ളംകളിയിൽ പങ്കെടുക്കുന്നത്. ചുരുളന്‍-3, ഇരുട്ടുകുത്തി എ ഗ്രേഡ്-4, ഇരുട്ടുകുത്തി ബി ഗ്രേഡ്-16, ഇരുട്ടുകുത്തി സി ഗ്രേഡ്-14, വെപ്പ് എ ഗ്രേഡ്-7, വെപ്പ് ബി ഗ്രേഡ്-4, തെക്കനോടി തറ-3, തെക്കനോടി കെട്ട്-4 എന്നിങ്ങനെയാണ് ചുണ്ടൻ വള്ളങ്ങൾ ഒഴികെ മറ്റു വിഭാഗങ്ങളില്‍ മത്സരിക്കുന്ന വള്ളങ്ങളുടെ എണ്ണം.
എല്ലാവർഷവും ഓഗസ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ചയാണ് നെഹ്‌റു ട്രോഫി വള്ളം കളി നടക്കേണ്ടത്. ഇക്കുറി ഓഗസ്റ്റ് 10-ന് നടത്താനിരുന്ന വള്ളംകളി വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ 28 ലേക്ക് മാറ്റുകയായിരുന്നു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ പരിപാടികളും സാംസ്‌കാരിക ഘോഷയാത്രയും വഞ്ചിപ്പാട്ട് ഉള്‍പ്പെടെയുള്ള മത്സരങ്ങളും റദ്ദാക്കിയിട്ടുണ്ട്.
രാവിലെ 11-ന് മത്സരങ്ങള്‍ ആരംഭിക്കുമ്പോൾ ചെറുവള്ളങ്ങളുടെ ഹീറ്റ്‌സാണ് ആദ്യം നടക്കുക. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷമാകും പ്രധാന ആകർഷണമായ ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളും ചെറു വള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങളും. ഇപ്പോഴത്തെ സമയക്രമം അനുസരിച്ച് വൈകുന്നേരം നാലു മുതലാണ് ഫൈനല്‍ മത്സരങ്ങള്‍.
19 ചുണ്ടന്‍ വള്ളങ്ങൾ പങ്കെടുക്കുന്ന മത്സരത്തില്‍ അഞ്ചു ഹീറ്റ്‌സുകളാണുള്ളത്. ആദ്യ നാല് ഹീറ്റ്‌സുകളില്‍ നാലു വീതം വള്ളങ്ങളും അഞ്ചാമത്തെ ഹീറ്റ്‌സില്‍ മൂന്ന് വള്ളങ്ങളുമാണ് മത്സരിക്കുക.നാല് ഹീറ്റ്സിലും ആദ്യമെത്തുന്ന നാലു വള്ളങ്ങളാണ് നെഹ്‌റു ട്രോഫിക്കു വേണ്ടിയുള്ള ഫൈനല്‍ മത്സരത്തിൽ പോരാട്ടത്തിനായി ഇറങ്ങുക. ചെറുവള്ളങ്ങളുടെ എല്ലാ വിഭാഗങ്ങളിലും ജേതാക്കളെ തീരുമാനിക്കുന്നത് ഫിനിഷ് ചെയ്യുന്ന സമയം പരിഗണിച്ചാണ് .
ജലമാമാങ്കത്തിന് നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ പുന്നമടക്കായലിലേക്ക് മത്സരം കാണാൻ വിദേശികളുൾപ്പെടെയുള്ള ടൂറിസ്റ്റുകൾ എത്തിത്തുടങ്ങി.
വള്ളംകളി പ്രമാണിച്ച് ആലപ്പുഴ ജില്ലയിലെ അഞ്ച് താലൂക്കുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.അമ്പലപ്പുഴ, കുട്ടനാട്, ചേർത്തല, കാർത്തികപ്പള്ളി, ചെങ്ങന്നൂർ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് പ്രാദേശിക അവധി നൽകിയത്. നിശ്ചയിച്ച പൊതു പരീക്ഷകൾക്ക് മാറ്റമില്ല. വെട്ടിക്കോട്ട് നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവ ദിനമായതിനാൽ സെപ്റ്റംബര്‍ 28 ന് മാവേലിക്കര താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നേരത്തെ പ്രാദേശിക അവധി നൽകിയിരുന്നു.
2023 ലെ നെഹ്‌റു ട്രോഫി വള്ളംകളിയില്‍ വീയപുരം ചുണ്ടനാണ് കിരീടം നേടിയത്. വീയപുരം ചുണ്ടൻ തുഴഞ്ഞപള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്‍റെ തുടർച്ചയായ നാലാം കിരീടമായിരുന്നു ഇത്.ണ്ടാം സ്ഥാനം കുമരകം ടൗണ്‍ ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടനായിരുന്നു . യുബിസി കൈനകരി തുഴഞ്ഞ നടുഭാഗം ചുണ്ടൻ മൂന്നാം സ്ഥാനവും നേടി.നാലാം സ്ഥാനം നേടിയത് കാട്ടില്‍ തെക്കെതില്‍ ചുണ്ടനായിരുന്നു .
Photo : https://www.keralatourism.org/















