ന്യൂഡൽഹി: യുഎൻ ജനറൽ അസംബ്ലിയിൽ പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് നടത്തിയ കശ്മീർ പരാമർശങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ. അങ്ങേയറ്റം കപടമായ നിലപാടെന്നാണ് യുഎന്നിലെ ഇന്ത്യൻ പ്രതിനിധി ഭാവിക മംഗളാനന്ദൻ വിമർശനം ഉയർത്തിയത്. തീവ്രവാദത്തിനും മയക്കുമരുന്ന് വ്യാപാരത്തിനും മറ്റ് രാജ്യങ്ങൾക്കെതിരെ നടത്തുന്ന കുറ്റകൃത്യങ്ങൾക്കും കുപ്രസിദ്ധി നേടിയ രാജ്യം, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തെ ആക്രമിക്കാൻ ധൈര്യപ്പെട്ടിട്ടുണ്ടെന്നും ഭാവിക വിമർശിച്ചു.
” ഇന്ന് രാവിലെ യുഎൻ ജനറൽ അസംബ്ലി പരിഹാസ്യമായ ഒരു നടപടിക്ക് സാക്ഷ്യം വഹിച്ചു. പാക് പ്രധാനമന്ത്രി ഇന്ത്യയെ കുറിച്ച് നടത്തിയ പരാമർശങ്ങളെ കുറിച്ചാണ് ഞാൻ പറയുന്നത്. ലോകത്തിന് മുഴുവൻ അറിയാവുന്നത് പോലെ അതിർത്തി കടന്നുള്ള ഭീകരവാദത്തെ വളരെ നാളുകളായി പാകിസ്താൻ അയൽ രാജ്യങ്ങൾക്കെതിരായ ആയുധമായി ഉപയോഗിക്കുകയാണ്.
അവർ ഇന്ത്യയുടെ പാർലമെന്റിന് നേരെ ആക്രമണം നടത്തി. സാമ്പത്തിക തലസ്ഥാനമായ മുംബൈയിലും പരിസരത്തും, തീർത്ഥാടനസ്ഥലങ്ങളിലും ആക്രമണം നടത്തി. ഈ പട്ടിക വളരെ വലുതാണ്. അത്തരമൊരു രാജ്യമാണ് ആക്രമണങ്ങളെകുറിച്ച് സംസാരിക്കുന്നത് അങ്ങേയറ്റം കപടമായ നിലപാട് മാത്രമാണ്. തെരഞ്ഞെടുപ്പുകളിൽ പോലും കൃത്രിമം കാണിച്ച ചരിത്രമുള്ള രാജ്യം ജനാധിപത്യ പ്രക്രിയയിലൂടെയുള്ള തെരഞ്ഞെടുപ്പുകളെ കുറിച്ച് സംസാരിക്കുന്നത് വിരോധാഭാസമാണ്.
ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് കശ്മീർ. അവിടുത്തെ തെരഞ്ഞെടുപ്പ് ഭീകരരുടെ സഹായത്തോടെ തടസ്സപ്പെടുത്തനാണ് പാകിസ്താൻ ശ്രമിക്കുന്നത്. 1971ൽ ന്യൂനപക്ഷ വംശഹത്യ നടത്തുകയും അവരെ നിരന്തരമായി പീഡിപ്പിക്കുകയും ചെയ്ത ഒരു രാജ്യമാണ് അസഹിഷ്ണുതയേയും ഭയത്തേയും കുറിച്ച് സംസാരിക്കുന്നത് എന്നത് തന്നെ പരിഹാസ്യമായ കാര്യമാണ്. പാകിസ്താൻ എന്താണെന്നുള്ളത് ഈ ലോകത്തിന് മുഴുവൻ വ്യക്തമായിട്ട് അറിയാം. ഒസാമ ബിൻ ലാദന് ഏറെ നാളുകൾ ആതിഥേയത്വം വഹിച്ച രാജ്യമാണത്.
തീവ്രവാദികൾ അവരുടെ സ്വന്തം വീടായി പാകിസ്താനെ കാണുന്നു. കശ്മീരിനെ കുറിച്ച് ഷെഹബാസ് ഷെരീഫ് നടത്തിയ പരാമർശങ്ങൾ ഒരു രീതിയിലും അംഗീകരിക്കാനാകുന്നതല്ല. നുണകൾ പറഞ്ഞ് സത്യത്തെ നേരിടാനാണ് അവരുടെ ശ്രമമെന്നും” ഭാവിക ചൂണ്ടിക്കാണിച്ചു. കശ്മീരിൽ ഇന്ത്യ സൈനിക ശക്തി വർദ്ധിപ്പിച്ചുവെന്നും, സൈന്യത്തെ വിന്യസിച്ചത് പാകിസ്താന് എതിരായിട്ടാണെന്നുമാണ് ഷെഹബാസ് ഷെരീഫ് യുഎൻ ജനറൽ അസംബ്ലിയിൽ ആരോപിച്ചത്. ഇന്ത്യയുടെ ഏത് ആക്രമണത്തിനും പാകിസ്താൻ ശക്തമായ തിരിച്ചടി നൽകുമെന്നും ജനറൽ അസംബ്ലിയിൽ ഭീഷണി മുഴക്കിയിരുന്നു.















