കോഴിക്കോട്: ജൂലൈ 8ന് ഭാര്യയോട് യാത്ര പറഞ്ഞ് അർജുൻ കാർവാറിലേക്ക് യാത്ര തിരിച്ചപ്പോഴും ഏതാനും ദിവസങ്ങൾക്കുള്ളിൽ തിരികെ വരുമെന്ന കുടുംബത്തിന്റെ പ്രതീക്ഷ നീണ്ടത് 83 ദിവസങ്ങളിലേക്ക്. നീണ്ട 72 ദിവസങ്ങൾക്കൊടുവിൽ വിറങ്ങലിച്ച ശരീരവുമായി അമരാവതിയിലെ വീട്ടിലേക്ക് അർജുൻ തിരികെയെത്തി. കേരളക്കര ഇന്നേവരെ കണ്ടില്ലാത്ത രീതിയിലുള്ള അന്ത്യയാത്രയായിരുന്നു ഷിരൂരിലെ മണ്ണിടിലിൽ മരിച്ച അർജുനായി മലയാളക്കര നൽകിയത്.
അർജുന്റെ ചേതനയറ്റ ശരീരം കണ്ണാടിക്കൽ ഗ്രാമത്തിലെ മുഴുവൻ നാട്ടുകാരും ചേർന്ന് ഏറ്റുവാങ്ങി. കുടുംബാംഗങ്ങൾ മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിച്ചു. 10 മണിയോടെ കണ്ണാടിക്കലിലെ അമരാവതി വീട്ടിൽ അർജുന്റെ ശരീരം പൊതുദർശനത്തിന് വച്ചു. അർജുന്റെ മൃതദേഹം ഏറ്റുവാങ്ങാൻ പുലർച്ചെ മുതൽ കാത്തുനിന്നത് വൻ ജനാവലിയായിരുന്നു. വിദൂര സ്ഥലങ്ങളിൽ നിന്നും അർജുനെ നേരിട്ട് പരിചയമില്ലാവത്തവർ പോലും അവസാനമായി ഒരു നോക്ക് കണ്ട് മടങ്ങി.
വീടിനോട് ചേർന്ന സ്ഥലത്താണ് അർജുന് കുഴിമാടം ഒരുക്കിയിരിക്കുന്നത്. പൊതുദർശനത്തിന് ശേഷം ഉച്ചയോടെ സംസ്‌കാരം നടത്തും. കാർവാർ എംഎൽഎ സതീഷ് സെയിൽ, മഞ്ചേശ്വരം എംഎൽഎ അഷ്‌റഫ്, കേരള വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ, എംഎൽഎ കെ ക രമ തുടങ്ങിയവർ അർജുന്റെ വീട്ടിലെത്തിയിരുന്നു.















