ന്യൂഡൽഹി: വിദേശത്ത് പ്രതിരോധ നിർമാണ കേന്ദ്രം സ്ഥാപിക്കാനൊരുങ്ങി ടാറ്റാ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് (ടിഎഎസ്എൽ). മൊറോക്കോയിലെ കാസബ്ലാങ്കയിലാകും വമ്പൻ പ്ലാൻ്റ് സജ്ജമാക്കുക. റോയൽ മൊറോക്കോൻ സായുധ സേനയ്‌ക്കായി വീൽഡ് ആർമർഡ് പ്ലാറ്റ്‌ഫോമുകൾ (WhAP) നിർമ്മിക്കുന്നതിലാകും പ്ലാൻ്റ് ശ്രദ്ധ കേന്ദ്രീകരിക്കുക. ആഫ്രിക്കൻ പ്രതിരോധ വിപണിയിൽ കുതിപ്പ് സൃഷ്ടിക്കുകയാണ് ലക്ഷ്യം.
മെയ്‌ക്ക് ഇൻ ഇന്ത്യ സംരംഭത്തിന് കുതിപ്പാകും പുത്തൻ പദ്ധതി. ഡിആർഡിഒ വികസിപ്പിച്ച WhAP പ്ലാറ്റ്‌ഫോമുകളാകും ഇന്ത്യൻ കമ്പനിയായ ടാറ്റ നിർമിച്ച് നൽകുക. മൂന്ന് വർഷം കൊണ്ടാകും മൊറോക്കോൻ സേനയ്‌ക്ക് നൽകുക. രാജ്യത്ത് അകത്തും പുറത്തും നടത്തുന്ന ഏറ്റവും വലിയ കരാറായി മാറിയിരിക്കുകയാണ് ഇത്. പ്രതിവർഷം 100 യുദ്ധവാഹനങ്ങൾ നിർമ്മിക്കാൻ ശേഷിയുള്ള പ്ലാന്റാണ് നിർമിക്കുന്നത്. ഈ വർഷം തന്നെ പ്ലാൻ്റ് പ്രവർത്തനക്ഷമമാകുമെന്നാണ് ലഭിക്കുന്ന വിവരം. ആദ്യത്തെ യൂണിറ്റ് 18 മാസത്തിനകം മൊറൊക്കൻ സൈന്യത്തിന് കൈമാറും.
വിവിധ ഭൂപ്രദേശങ്ങളിൽ, പലവിധ സാഹചര്യങ്ങളിൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയുന്ന, ഒരേ സമയം കരയിലും വെള്ളത്തിലും ഉപയോഗിക്കാവുന്ന യുദ്ധവാഹനമാണ് WhAP. ചെളി നിറഞ്ഞ പ്രദേശങ്ങളിൽ അനായാസം പ്രവർത്തിപ്പിക്കാം. വൻ സ്ഫോടനങ്ങളെ പോലും ചെറുക്കാനുള്ള കഴിവും ഇതിന്റെ പ്രത്യേകതയാണ്. ലഡാക്ക് പോലുള്ള വെല്ലുവിളി നിറഞ്ഞ പ്രദേശങ്ങളിൽ ഇന്ത്യൻ സൈന്യം ഇതിന്റെ വകഭേദങ്ങൾ വിന്യസിച്ചിട്ടുണ്ട്. യുദ്ധവാഹനത്തിന്റെ പരീക്ഷണങ്ങളും മറ്റ് പഠനങ്ങളും മൊറോക്കോയിൽ നടന്നുകൊണ്ടിരിക്കുകയാണ്.
ആഗോളതലത്തിൽ ഇന്ത്യൻ നിർമിത യുദ്ധോപകരണങ്ങൾ വിന്യസിക്കുന്നതിന്റെ കവാടമാകും മൊറോക്കോയെന്ന് ടിഎഎസ്എൽ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ സുകരൻ സിംഗ് പറഞ്ഞു. മൊറോക്കോയെ തെരഞ്ഞെടുക്കുന്നതിന് മുൻപായി ആഫ്രിക്കൻ മരുഭൂമികളിൽ വിപുലമായ പരീക്ഷണങ്ങൾ നടത്തിയിരുന്നു. ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിയിൽ നാഴികക്കല്ലാകും WhAP. വരും വർഷങ്ങളിൽ അതിശയിപ്പിക്കും വിധത്തിലുള്ള വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. റഷ്യൻ, യൂറോപ്യൻ വിതരണക്കാരുടെ ആധിപത്യത്തിന് അന്ത്യം കുറിക്കുന്നതാകും ടാറ്റയുടെ കരാറെന്ന് ഉറപ്പാണ്.