ഇന്ത്യയുടെ തദ്ദേശീയ മികവിനെ ലോകരാജ്യങ്ങൾ ഒന്നടങ്കം പ്രശംസിക്കുകയാണ്. പ്രതിരോധ സംവിധാനങ്ങളും യുദ്ധോപകരണങ്ങൾക്കുമായിരുന്നു ഡിമാൻഡെങ്കിൽ ആ പട്ടികയിലേക്ക് ഇന്ത്യയുടെ വേഗവീരൻ വന്ദേഭാരത് ട്രെയിനുകളും ഉൾപ്പെട്ടു കഴിഞ്ഞു. ചിലെ, കാനഡ, മലേഷ്യ തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യയുടെ വന്ദേ ഭാരത് ഇറക്കുമതി ചെയ്യാൻ താത്പര്യം പ്രകടിപ്പിച്ചുണ്ട്. ചില പ്രത്യേകതകളാണ് ലോകരാജ്യങ്ങളെ വന്ദേ ഭാരതിലേക്ക് ആകർഷിക്കുന്നത്.
മറ്റ് രാജ്യങ്ങളിൽ ഉൽപ്പാദിപ്പിക്കുന്ന സമാന ഫീച്ചറുകളുള്ള ട്രെയിനുകൾക്ക് സാധാരണയായി 160 മുതൽ 180 കോടി രൂപ വരെ വില വരുന്നുണ്ട്. എന്നാൽ ഇന്ത്യയിൽ വന്ദേ ഭാരത് നിർമ്മിക്കുന്നത് വളരെ കുറഞ്ഞ ചെലവിലാണ്. അതായത്, 120 മുതൽ 130 കോടി രൂപ വരെയാണ് ചെലവഴിക്കുന്നത്. വേഗതയിലെ മികവും ആകർഷണീയമാണ്. ജപ്പാനിലെ ബുള്ളറ്റ് ട്രെയിനിനെ വരെ വേഗതയുടെ കാര്യത്തിൽ ഇന്ത്യയുടെ വന്ദേ ഭാരത് മറികടക്കുന്നു. 52 സെക്കൻഡുകൾക്കുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വന്ദേ ഭാരതിനാകുന്നു. ബുള്ളറ്റ് ട്രെയിനിന് ഇത് 54 സെക്കൻഡുകളാണ്. ശബ്ദമലിനീകരണവും വളരെ കുറവാണ്.
ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിൻ പദ്ധതി പുരോഗതിയുടെ ട്രാക്കിലാണെന്ന് റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയിരുന്നു. സുരക്ഷയുടെ ഭാഗമായി ഇന്ത്യയുടെ സ്വന്തം കവച് സംവിധാനവും നടപ്പാക്കുകയാണ്. 80 ശതമാനത്തോളം അപകടങ്ങളെ ഒഴിവാക്കാൻ കവചിന് സാധിക്കും. ഇതും ലോകരാജ്യങ്ങളെ ആകർഷിക്കുമെന്നറുപ്പാണ്.