ന്യൂഡൽഹി: ഇന്ത്യയുടെ വാനമ്പാടി, സംഗീതജ്ഞ ലതാ മങ്കേഷ്കറിന്റെ 95-ാം ജന്മവാർഷികത്തിൽ അവരുടെ വിലപ്പെട്ട സംഭാവനകളെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
“ലതാ ദീദിയെ അവരുടെ ജന്മവാർഷികത്തിൽ സ്മരിക്കുന്നു. ആത്മാവിനെ തൊട്ടുണർത്തുന്ന ഗാനങ്ങളിലൂടെ അവർ ഞങ്ങളുടെ ഹൃദയത്തിലും മനസിലും ജീവിക്കും. ഞങ്ങൾ തമ്മിൽ നല്ലൊരു ബന്ധമുണ്ട്. അവരുടെ വാത്സല്യവും അനുഗ്രഹവും ലഭിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്,” ലതാ മങ്കേഷ്കറുമായുള്ള പ്രത്യേക ബന്ധത്തെ അനുസ്മരിച്ചുകൊണ്ട് മോദി എക്‌സിൽ കുറിച്ചു.
ഇന്ത്യൻ സംഗീതത്തിന് അതുല്യമായ സംഭാവനകൾ നൽകിയ ലതാ മങ്കേഷ്‌കർ 2022 ഫെബ്രുവരി 6 നാണ് വിടപറഞ്ഞത്. ഭാരതരത്ന അവാർഡ് ജേതാവുകൂടിയായ ലതാജിയുടെ സംഗീതം ലോകമെമ്പാടുമുള്ള സംഗീതപ്രേമികൾക്ക് പ്രചോദനവും സന്തോഷവും നൽകുന്നതാണ്.
1929 ൽ മധ്യപ്രദേശിലെ ഇൻഡോറിൽ ജനിച്ച ലതാ മങ്കേഷ്‌കർ സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് ഉയർന്നുവന്നത്. 1949 ൽ ‘മഹൽ’ എന്ന ചിത്രത്തിലെ “ആയേഗാ.. ആയേഗാ” എന്ന ഗാനത്തിലൂടെയാണ് സംഗീതലോകത്ത് ചുവട് വയ്‌ക്കുന്നത്. “പ്യാർ കിയാ തോ ടർനാ ക്യാ,” “അജീബ് ദാസ്താൻ ഹേ യേ” തുടങ്ങിയ ക്ലാസിക്കുകൾ ആരാധകർ നെഞ്ചിലേറ്റി. ആർ ഡി ബർമൻ, ലക്ഷ്മീകാന്ത്-പ്യാരേലാൽ, എ ആർ റഹ്‌മാൻ തുടങ്ങിയ പ്രമുഖ സംഗീത സംവിധായകർക്കൊപ്പം പ്രവർത്തിച്ചു. ഹിന്ദി ഹിറ്റുകൾക്ക് പുറമെ വിദേശ ഭാഷകൾ ഉൾപ്പെടെ 36 ൽ അധികം ഭാഷകളിൽ ലതാജി പാടിയിട്ടുണ്ട്.