തൃശൂർ: കേന്ദ്ര സർക്കാരിന്റെ അമൃത് പദ്ധതി പ്രകാരം നിർമിച്ച ആകാശപാത പൊതുജനങ്ങൾക്കായി തുറന്നു. തൃശൂരിലെ ശക്തൻ നഗറിലാണ് ആകാശപാത തുറന്നത്. സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ ആകാശപാതയാണ് അത്യാധുനിക നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം ജനങ്ങൾക്ക് തുറന്നുനൽകിയത്.
കഴിഞ്ഞ വർഷം ഓഗസ്റ്റിലായിരുന്നു ആദ്യഘട്ട നിർമാണം പൂർത്തിയാക്കിയ ശേഷം കാൽനടയ്‌ക്കായി പാത തുറന്നുനൽകിയത്. തുടർന്ന് നടപാതയ്‌ക്കുള്ളിൽ എയർ കണ്ടീഷനിംഗ് സൗകര്യം ഒരുക്കുന്നതിനും വശങ്ങൾക്ക് ചുറ്റും ഗ്ലാസും സീലിംഗും സ്ഥാപിക്കുന്നതിനും താത്കാലികമായി അടച്ചിട്ടു. അടച്ചുറപ്പുള്ള ഗ്ലാസുകൾ സ്ഥാപിച്ച ശേഷം ഉൾഭാഗം ശീതീകരിക്കുകയും ലിഫ്റ്റ് സൗകര്യം ഒരുക്കുകയും ചെയ്ത ശേഷമാണ് ആകാശപാത ജനങ്ങൾക്ക് സമർപ്പിച്ചത്.
കേന്ദ്ര സർക്കാരിന്റെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി അർബൻ ട്രാൻസ്പോർട് സെക്ടറിൽ നടപ്പിലാക്കിയ ആകാശപാത ജനങ്ങൾക്ക് വളരെയധികം ഉപകാരപ്രദമാണ്. 11 കോടിയോളം ചെലവഴിച്ചാണ് ആകാശപാതയുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.
ആകാശപാതയുടെ മുകളിൽ സ്ഥാപിച്ച സോളാർ പാനലിലൂടെയാണ് എയർ കണ്ടീഷനിംഗും വെളിച്ചസംവിധാനങ്ങളും പ്രവർത്തിക്കുന്നത്. ഈ വർഷം അവസാനത്തോടെ മറ്റ് ഭാഗങ്ങളിലും സോളാർ പാനലുകൾ സ്ഥാപിക്കുന്നത് പൂർത്തിയാക്കും. തിരക്കേറിയ ശക്തൻ നഗറിൽ അപകടങ്ങൾ ഒഴിവാക്കുന്നതിനോടൊപ്പം ജനങ്ങൾക്ക് ചൂടറിയാതെ നഗരക്കാഴ്ചകൾ ആസ്വദിക്കാനുള്ള സൗകര്യവും ആകാശപാത ഒരുക്കുന്നുണ്ട്.















