ഉദ്ഘാടനത്തിന് പോകുമ്പോൾ പോലും സഹകരിക്കുമോയെന്ന് ചോദിക്കുന്ന ആളുകളുണ്ടെന്ന് സിനിമ- സീരിയൽ താരം സാധിക. സിനിമയിൽ മാത്രമല്ല, ഷോയ്‌ക്ക് പോകുമ്പോഴും ഇത്തരത്തിലുള്ള കാര്യങ്ങൾ നടക്കാറുണ്ടെന്നും സാധിക പറഞ്ഞു. സ്വകാര്യ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
“ഉദ്ഘാടനത്തിന് വിളിച്ചശേഷം അഡ്ജസ്റ്റ്മെന്റിന് തയാറാണോയെന്ന് ചോദിക്കുന്ന ആളുകളുണ്ട്. ഓണർക്ക് കുറച്ച് താത്പര്യമുണ്ടെന്നായിരുന്നു ഒരിക്കൽ ഒരാൾ എന്നോട് പറഞ്ഞത്. ഇതിന് താത്പര്യമുള്ളവരെ കൊണ്ട് നിങ്ങൾ ഉദ്ഘാടനം ചെയ്യിക്കൂ, എനിക്ക് അഡ്ജസ്റ്റ്മെന്റിന് താത്പര്യമില്ലെന്ന് ഞാൻ പറഞ്ഞു. പുറത്ത് ഷോയ്‌ക്ക് പോകുമ്പോഴും ഇതുപോലെ ചോദിക്കുന്നവരുണ്ട്”.
“ഏത് പരിപാടിക്ക് വിളിക്കുമ്പോഴും അഡ്ജസ്റ്റുമെന്റുകൾക്ക് തയാറല്ലെന്നും അത് കുഴപ്പമില്ലെങ്കിൽ ഞാൻ ഓകെ ആണെന്നും അങ്ങോട്ട് പറയേണ്ട അവസ്ഥയാണ് ഇപ്പോൾ. എന്നെ പോലുള്ള ആളുകൾക്ക് ഉദ്ഘാടനത്തിന് വളരെ ചെറിയ തുക മാത്രമാണ് കിട്ടുന്നത്. സിനിമ രംഗത്ത് തുല്യവേതനം എന്നത് ഒരിക്കലും നടക്കുന്ന കാര്യമല്ല. പലപ്പോഴും സിനിമയിൽ നിന്ന് പല കാരണത്താൽ എന്നെ ഒഴിവാക്കിയിട്ടുണ്ട്. കഥ കേട്ട് ഡേറ്റ് എടുത്ത ശേഷമാണ് ഒഴിവാക്കിയിട്ടുള്ളത്. അവസാനമാണ് സഹകരിക്കുമോ എന്ന് ചോദിക്കുന്നത്. ഇല്ലെന്ന് പറഞ്ഞുകഴിഞ്ഞാൽ അപ്പോൾ തന്നെ ഒഴിവാക്കുമെന്നും സാധിക പറഞ്ഞു.