ആലപ്പുഴ: പുന്നമടയിലെ മണിക്കൂറുകൾ നീണ്ട ആവേശ പോരാട്ടത്തിനൊടുവിൽ വിജയക്കിരീടം ചൂടി കാരിച്ചാൽ ചുണ്ടൻ. ആദ്യ മുതൽ തന്നെ ഉഗ്രൻ പ്രകടനമായിരുന്നു കാരിച്ചാൽ ചുണ്ടൻ കാഴ്ചവച്ചത്. നെഹ്റു ട്രോഫി വള്ളംകളിയിൽ 16-മത്തെ തവണയാണ് കാരിച്ചാൽ വിജയം സ്വന്തമാക്കുന്നത്.
4.29. മിനിറ്റിലാണ് കാരിച്ചാൽ ഒന്നാം സ്ഥാനത്തെത്തിയത്. പള്ളാത്തുരുത്തി ബോട്ട് ക്ലബിന് ഇത് ചരിത്ര വിജയമാണ്. അഞ്ചാം തവണയാണ് നെഹ്റു ട്രോഫി വള്ളംകളിയിൽ കാരിച്ചാൽ കിരീടം സ്വന്തമാക്കുന്നത്. മൈക്രോ സെക്കൻഡുകളുടെ വ്യത്യസത്തിലായിരുന്നു വീയപുരം ചുണ്ടൻ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.
ആവേശോജ്ജ്വല പോരാട്ടം കാണാൻ ആയിരക്കണക്കിന് ആളുകളാണ് പുന്നമടയിൽ തടിച്ചുകൂടിയത്. ഫൈനൽ മത്സരം ഫോട്ടോഫിനിഷായതോടെ വീയപുരമാണോ കാരിച്ചാലാണോ വിജയിയെന്ന് തിരിച്ചറിയാൻ കഴിയാതെ വന്നത് ജനങ്ങളെ ആകാംക്ഷയുടെ പരകോടിയിലെത്തിച്ചിരുന്നു. ഉച്ചയ്‌ക്ക് 2.20-ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസാണ് വള്ളംകളി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.















