സിനിമയിൽ മാത്രമല്ല എല്ലാ തൊഴിലിടങ്ങളിലും കാലാനുസൃതമായ മാറ്റങ്ങൾ വേണമെന്ന് ചലച്ചിത്ര താരം നവ്യ നായർ. ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു നവ്യ. മാതംഗി ഫെസ്റ്റിവലിനെ കുറിച്ച് വിശദീകരിക്കാൻ പ്രസ് ക്ലബ്ബിലെത്തിയപ്പോൾ മാദ്ധ്യമങ്ങളുന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അവർ. എങ്ങോട്ടും ഒളിച്ചോടിപ്പോകുന്നില്ല. നിലവിലെ പ്രശ്നങ്ങളിൽ എല്ലാവരുടെയും മനസിൽ തോന്നുന്നതെന്തോ അതൊക്കെ എന്റെ മനസ്സിലും ഉണ്ട്. തൽക്കാലം വിവാദത്തിനില്ലെന്നും നവ്യ പ്രതികരിച്ചു.
ഒക്ടോബർ 2 മുതൽ 6 വരെ എറണാകുളം ഫൈൻ ആർട്സ് ഹാളിൽ സംഘടിപ്പിക്കുന്ന മാതംഗി ഫെസ്റ്റിവെൽ സംബന്ധിച്ച വിശദാംശങ്ങളാണ് നവ്യ പങ്കുവച്ചത്. ഫെസ്റ്റിവലിന് പങ്കെടുക്കാൻ എല്ലാവർക്കും സൗജന്യ പാസ് നൽകുമെന്നും താരം അറിയിച്ചു. ഇക്കാര്യം അറിയിക്കാനായിരുന്നു നവ്യ മാദ്ധ്യമങ്ങളെ വിളിച്ചുചേർത്തതെങ്കിലും ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ചും നടൻ സിദ്ദിഖ് ഒളിവിൽ പോയതിനെക്കുറിച്ചും ചോദ്യങ്ങൾ ഉന്നയിക്കുകയായിരുന്നു മാദ്ധ്യമങ്ങൾ.
നിയമവ്യവസ്ഥയിൽ നിന്ന് ഒളിച്ചോടുന്ന നല്ല പ്രവണതയാണെന്ന അഭിപ്രായം തനിക്കില്ലെന്ന് നവ്യ വ്യക്തമാക്കി. ഒളിവിൽ പോകുന്നത് നല്ലതാണെന്ന് ഞാൻ പറയില്ല, പക്ഷെ പൊലീസും കോടതിയുമൊക്കെ ഇടപെട്ട കേസിൽ അതിന്റേതായ തീരുമാനങ്ങൾ വരികാണ് ചെയ്യേണ്ടതെന്നും നവ്യ പറഞ്ഞു. അധികം വാർത്താപ്രാധാന്യമില്ലാത്ത വിഷയത്തെക്കുറിച്ച് അവതരിപ്പിക്കാനാണ് താൻ എത്തിച്ചേർന്നിരിക്കുന്നത്. ഇതിനിടയിൽ ഇത്തരം വിഷയങ്ങളിലേക്ക് പോയാൽ മാതംഗി ഫെസ്റ്റിവൽ എന്ന വാർത്ത അറിയാതെ പോവുകയും മറ്റ് വിഷയങ്ങളിലെ പ്രതികരണം മാത്രം വാർത്തയായി പോവുകയും ചെയ്യുമെന്ന് നവ്യ ചൂണ്ടിക്കാട്ടി. ഫെസ്റ്റിവലിനെക്കുറിച്ചുള്ള ചോദ്യങ്ങൾ മാത്രമേ മാദ്ധ്യമങ്ങൾ ഉന്നയിക്കാവൂവെന്ന് പറയാതിരുന്നത് താൻ ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടുന്നുവെന്ന് വ്യാഖ്യാനിക്കപ്പെടാതിരിക്കാൻ വേണ്ടിയാണെന്നും നവ്യ വ്യക്തമാക്കി.