എറണാകുളം: ബലാത്സംഗക്കേസിലെ പ്രതി സിദ്ദിഖ് കൊച്ചിയിൽ തന്നെയുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയ ദിവസം സിദ്ദിഖ് കൊച്ചിയിൽ ഉണ്ടായിരുന്നുവെന്നാണ് രേഖകളിൽ നിന്ന് വ്യക്തമാകുന്നത്. സുപ്രീം കോടതിയിൽ നൽകാനുള്ള രേഖകൾ ഹൈക്കോടതിക്ക് സമീപത്തുള്ള നോട്ടറിയിലെത്തിയാണ് സിദ്ദിഖ് അറ്റെസ്റ്റ് ചെയ്തത്. സിദ്ദിഖ് നേരിട്ടെത്തിയെന്നാണ് അറ്റെസ്റ്റ് ചെയ്തെന്നാണ് വിവരം.
സിദ്ദിഖിനെ പിടികൂടുന്നതിനായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് ഉൾപ്പെടെ പുറത്തിറക്കിയതിന് പിന്നാലെയാണ് പ്രതി കൊച്ചിയിൽ തന്നെയുണ്ടെന്നുള്ള വിവരം പുറത്തുവരുന്നത്. അതേസമയം, സിദ്ദിഖിനെ പൊലീസ് ഇരുട്ടിൽ തപ്പുകയാണ്. സിദ്ദിഖ് പോകാൻ സാധ്യതയുള്ള എല്ലാ വീടുകളിലും പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ഹോട്ടലുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടന്നെങ്കിലും ഒരു തുമ്പും ലഭിച്ചിരുന്നില്ല.
മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെതിരായ സിദ്ദിഖിന്റെ ഹർജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. അതിജീവിത കള്ളസാക്ഷിയെയാണ് കൊണ്ടുവന്നതെന്ന് സിദ്ദിഖ് ഹർജിയിൽ പറയുന്നു. പരാതിയിൽ ഗൂഢാലോചനയുണ്ടെന്നും എന്നാൽ ഇക്കാര്യം ഹൈക്കോടതി പരിഗണിച്ചില്ലെന്നും സിദ്ദിഖ് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു.