ഒട്ടുമിക്ക പെൺകുട്ടികളുടെയും പ്രശ്‌നമാണ് അസഹനീയമായ ആർത്തവ വേദന. ഇതിന് ശമനം കാണാൻ പെയിൻ കില്ലറുകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ ഇതിന്റെ ദോഷവശങ്ങൾ പലരും അറിയുന്നില്ല. നമ്മുടെ ആരോഗ്യത്തെ വളരെയധികം ദോഷകരമായി ബാധിക്കുന്നവയാണ് ഇത്തരം വേദന സംഹാരികൾ. എന്നാൽ ശരിയായ ഭക്ഷണക്രമത്തിലേക്ക് മാറുന്നത് ഈ വേദന സ്വാഭാവികമായി കുറയ്‌ക്കാൻ സഹായിക്കും. ഇത്തരത്തിൽ ആർത്തവ വേദന കുറയ്‌ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം
1. ചീര, സ്പിനാച്ച്, തുടങ്ങിയ ഇലക്കറികൾ
ഇലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഇതിൽ പേശികളുടെ ആയാസം കുറയ്‌ക്കുകയും ദഹനം സുഗമമാക്കുകയും ചെയ്യുന്ന മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിലടങ്ങിയിരിക്കുന്ന അയൺ ആർത്തവ സമയത്ത് ശരീരത്തിനാവശ്യമായ പോഷക ഘടകങ്ങൾ പ്രദാനം ചെയ്യുന്നു.
2. സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി തുടങ്ങിയ പഴവർഗങ്ങൾ
ഈ പഴവർഗങ്ങൾ കഴിക്കുന്നത് ആർത്തവ വേദന കുറയാൻ സഹായിക്കും. ഇവയിൽ വിറ്റാമിൻ സിയും ധാരാളം ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തെ സംരക്ഷിക്കും.
3. നട്സും സീഡ്‌സും
അണ്ടിപ്പരിപ്പ്, ബദാം, വാൽനട്ട്, ഫ്‌ളാക്‌സ് സീഡ്, പംപ്കിൻ സീഡ് എന്നിവ ഒമേഗ 3 ഫാറ്റി ആസിഡുകളുടെയും മഗ്നീഷ്യത്തിന്റെയും ഉറവിടങ്ങളാണ്. ഇത്തരം നട്സും വിത്തുകളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വേദന കുറയ്‌ക്കാൻ സഹായിക്കും.
4. വാഴപ്പഴം
പൊട്ടാസ്യത്തിന്റെ മികച്ച ഉറവിടമാണ് വാഴപ്പഴം. ഇത് വയറുവേദന കുറയ്‌ക്കാനും പേശികളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും. ആർത്തവ സമയത്തെ ക്ഷീണത്തെ ചെറുക്കനും ശരീരത്തിന് കൂടുതൽ ഊർജ്ജം ലഭിക്കാനും വാഴപ്പഴം കഴിക്കുന്നത് നല്ലതാണ്.
5. ഇഞ്ചി
ആർത്തവ വേദനയുൾപ്പെടയുള്ള വിവിധ ആരോഗ്യ പ്രശ്നങ്ങൾക്കുള്ള പ്രകൃതിദത്ത പരിഹാരമായി ഇഞ്ചി ഉപയോഗിച്ചുവരുന്നു. ഇതിന്റെ ആന്റി-ഇൻഫ്ളമേറ്ററി ഗുണങ്ങൾ വേദനയും ശാരീരിക അസ്വസ്ഥതകളും കുറയ്‌ക്കാൻ സഹായിക്കും. ഇഞ്ചി ചായ കുടിക്കുന്നതും ഇഞ്ചി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും നല്ലതാണ്.
6. ഡാർക്ക് ചോക്ലേറ്റ്
മധുരപ്രിയർക്ക് ഡാർക്ക് ചോക്ലേറ്റ് ആർത്തവ വേദന കുറയ്‌ക്കാൻ സഹായിക്കുന്ന മറ്റൊരു മാർഗമാണ്. ഇതിൽ മഗ്നീഷ്യം, അയൺ തുടങ്ങിയ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്.















