അർജുൻ അശോകനും അനശ്വര രാജനും ഒന്നിക്കുന്ന പുതിയ ചിത്രം എന്ന് സ്വന്തം പുണ്യാളന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സസ്പെൻസ് ഒളിപ്പിച്ചുകൊണ്ട് പ്രേക്ഷകർക്ക് ആകാംക്ഷയൊരുക്കുന്ന പോസ്റ്ററാണ് പുറത്തെത്തിയിരിക്കുന്നത്. കോമഡി ഫാന്റസി ചിത്രമായിരിക്കും ‘എന്ന് സ്വന്തം പുണ്യാളൻ’ എന്നാണ് പോസ്റ്ററിൽ നിന്നും വ്യക്തമാകുന്നത്.
നവാഗതനായ മഹേഷ് മധുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബാലു വർഗീസ്, അൽത്താഫ് സലീം, ബൈജു, രഞ്ജി പണിക്കർ, അഷ്റഫ്, വിനീത് വിശ്വം, മീനാ രാജ്, സിനോജ് വർഗീസ്, സുർജിത് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്.

കന്യാസ്ത്രീയുടെ വേഷത്തിലാണ് അനശ്വര പോസ്റ്ററിലുള്ളത്. പ്രേക്ഷകർക്കായി വലിയൊരു സമ്മാനം ഒളിപ്പിച്ചുള്ള ക്രിസ്മസ് കാർഡ് പോലെയാണ് പുറത്തെത്തിയ ഫസ്റ്റ്ലുക്ക് പോസ്റ്റർ. പ്രണയവിലാസം, സൂപ്പർ ശരണ്യ എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം അർജുനും അനശ്വരയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ട്രൂത്ത് സീക്കേഴ്സ് പ്രൊഡക്ഷൻസ് ഹൗസിന്റെ ബാനറിൽ ലിഗോ ജോണാണ് ചിത്രം നിർമിക്കുന്നത്. തികച്ചും കോമഡി- ഫാമിലി എന്റർടൈനറായാണ് ചിത്രം ഒരുങ്ങുന്നത്.















