ഭാരതത്തിന്റെ സേനാക്കരുത്ത് അതിർത്തിക്കപ്പുറം പാകിസ്താൻ തിരിച്ചറിഞ്ഞ ദിവസം. ഉറിയിലെ സൈനിക ക്യാമ്പിലുണ്ടായ ഭീകരാക്രമണത്തിൽ 18 സൈനികർ വീരമൃത്യു വരിച്ചപ്പോൾ പാകിസ്താൻ ഭീകർക്കെതിരെ ഇന്ത്യ നൽകിയ മറുപടിക്ക് ഇന്ന് എട്ട് വർഷത്തിന്റെ പഴക്കം. ഭീകരാക്രമണത്തിന് മറുപടിയായിട്ടായിരുന്നു അർധരാത്രിയിൽ പാക് അതിർത്തി കടന്നുള്ള ഇന്ത്യൻ സൈന്യത്തിന്റെ മിന്നലാക്രമണം. ‘സർജിക്കൽ സ്ട്രൈക്ക്’ എന്നു നാം അഭിമാനത്തോടെ വിശേഷിപ്പിച്ച ആ മിന്നലാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചത് പാരാഷൂട്ട് റെജിമെന്റിന്റെ ഭാഗമായ പാരാകമാൻഡോകളായിരുന്നു.
1971-ന് ശേഷം നിയന്ത്രണ രേഖ കടന്ന് പാകിസ്താന് നേരെ ഇന്ത്യ ആക്രമിച്ചത് 2016-ലായിരുന്നു. പാക് അധീന കശ്മീരിൽ നിന്ന് മൂന്ന് കിലോമീറ്റർ വരെ എത്തി ഭീകരരെ അവരുടെ താവളങ്ങളിൽ കയറിയാണ് മറുപടി നൽകിയത്. വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികരുടെ നെഞ്ചിൽ നിന്നും ചിതറിത്തെറിച്ച രക്തത്തുള്ളികൾക്ക് നാലിരട്ടി മറുപടിയാണ് ഇന്ത്യൻ സൈന്യം നൽകിയത്. പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും കൂടിക്കാഴ്ച നടത്തിയതിനു ശേഷമായിരുന്നു സ്പെഷ്യൽ കമോൻഡോ സംഘത്തിന്റെ പരിശീലനം.
സെപ്റ്റംബർ 18-നായിരുന്നു ഇന്ത്യയെ ചെടുപ്പിച്ച ഉറി ആക്രമണം. ഇന്ധന ഡിപ്പോയിലുണ്ടായ വൻ സ്‌ഫോടനത്തിലാണ് സൈനികർ വീര്യമൃതു വരിച്ചത്. 30-ൽ അധികം സൈനികർക്ക് പരിക്കേറ്റു. ഇന്ധന ഡിപ്പോയിൽ നൂറുകണക്കിന് എണ്ണ ബാരലുകളിൽ മണ്ണെണ്ണയും വാഹനങ്ങളിലേക്കുള്ള പെട്രോളുമായിരുന്നു ഉണ്ടായിരുന്നത്. ഇവിടേക്ക് ഭീകരർ നിറയൊഴിച്ചു. ചുറ്റും തീ പടർന്ന് തൽക്ഷണം സൈനികർ അഗ്നിക്കിരയായി. മലയാളി ലഫ്. കേണൽ നിരഞ്ജൻ ഉൾപ്പടെയുള്ളവരെ ഇന്ത്യക്ക് നഷ്ടമായി. മണിക്കൂറുകൾ നീണ്ടു നിന്ന പോരാട്ടത്തിനൊടുവിൽ രക്ഷപ്പെടാൻ ശ്രമിച്ച 4 ഭീകരെ സൈന്യത്തിന് വധിക്കാൻ സാധിച്ചു. പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെയ്‌ഷെ ഭീകരരായിരുന്നു ആക്രമണത്തിന് പിന്നിൽ.
മിന്നലാക്രമണത്തിലൂടെ വധിച്ചത് 45 ഭീകരരെയാണ്. എം4എ1 കാർബൈൻ റൈഫിൾ, എം4എ1എസ് റൈഫിൾ, ഇസ്രയേലി നിർമിത ടാവർ ടാർ 21 റൈഫിൾ, ഗ്രനേഡ് ലോഞ്ചറുകൾ, ഗാലിൽ സ്നിപ്പർ റൈഫിളുകൾ തുടങ്ങിയവ ഉപയോഗിച്ചായിരുന്നു ആക്രമണം. സെപ്റ്റംബർ 28-ന് അർധരാത്രി ആരംഭിച്ച ദൗത്യം 29-ന് രാവിലെ ഒൻപതോടെ ബേസ് ക്യാംപിലേക്ക് കമാൻഡോസ് എത്തിയതോടെ സമ്പൂർണ വിജയമായി.