രാജ്കോട്ട്: സോമനാഥ് ക്ഷേത്രത്തിന് സമീപത്തെ സർക്കാർ ഭൂമി കയ്യേറി നിർമ്മിച്ച മതസ്ഥാപനങ്ങൾ പൊളിച്ച് നീക്കി ജില്ലാ ഭരണകൂടം. പ്രഭാസ് പടാൻ ടൗണിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച ഒൻപത് മതസ്ഥാപനങ്ങളാണ് ഗിർ സോമനാഥ് ജില്ലാ ഭരണകൂടം ശനിയാഴ്ച ഇടിച്ചു നിരത്തിയത്. പൊളിച്ചു നീക്കുന്നത് തടയാൻ പുലർച്ചെ തന്നെ വൻ ജനക്കൂട്ടം പ്രദേശത്ത് തമ്പടിച്ചിരുന്നു. ഇവരെ പിരിച്ചുവിടാൻ പൊലീസിന് ലാത്തിച്ചാർജ് ഉപയോഗിക്കേണ്ടി വന്നു.
സംഭവവുമായി ബന്ധപ്പെട്ട് 120 പേരെ കസ്റ്റഡിയിലെടുത്തതായി എസ്പി മനോഹർ സിൻഹ ജഡേജ പറഞ്ഞു. പ്രഭാസ് പാറ്റേണിൽ പ്രധാന മാർക്കറ്റ് അടച്ചിട്ടിരിക്കുകയാണ്. മൂന്ന് ജില്ലകളിലെ എസ്പിമാരുടെ മേൽനോട്ടത്തിൽ 1,400 പൊലീസുകാരുടെ സുരക്ഷയിലാണ് പൊളിക്കൽ പൂർത്തിയായത്. ഏകദേശം 12 മണിക്കൂറെടുത്താണ് ദൗത്യം പൂർത്തിയാക്കിയത്.
മത സ്ഥാപനങ്ങൾക്ക് പുറമെ 45 മുസാഫിർ ഖാനകളും പൊളിച്ചു നീക്കി. ഏകദേശം 320 കോടി രൂപ വിലമതിക്കുന്ന 102 ഏക്കർ സർക്കാർ ഭൂമിയാണ് തിരിച്ചുപിടിച്ചത്. പൊളിക്കുന്നതിന് മുൻപ് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിരുന്നു. താമസക്കാർക്ക് ഒഴിയാനുള്ള കാലയളവും നീട്ടിയിരുന്നു. 35 ജെസിബിയും 50 ട്രാക്ടറുകളും 10 ട്രക്കുകളും കയ്യേറ്റം ഒഴിപ്പിക്കാൻ വേണ്ടിവന്നു.