കൊച്ചി: നടനും സംവിധായനുമായ ബാലചന്ദ്ര മേനോനെതിരെ അശ്ലീല സംഭാഷണങ്ങളടങ്ങിയ വീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയിൽ യുട്യൂബ് ചാനലുകൾക്കെതിരെ കേസ്. ഐടി ആക്ട് പ്രകാരം കൊച്ചി പൊലീസാണ് കേസെടുത്തത്.
സമൂഹമാദ്ധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി ബാലചന്ദ്ര മേനോൻ ഡിജിപിക്ക് നൽകിയ പരാതിയിലാണ് നടപടി. ആലുവ സ്വദേശിയുടെ വെളിപ്പെടുത്തൽ എന്ന പേരിലാണ് യൂട്യൂബ് ചാനലുകൾ വീഡിയോ സംപ്രേക്ഷണം ചെയ്തത്. നടിയുമായി ബന്ധപ്പെട്ട ചിലർ ഫോൺ വിളിച്ച് തന്നെ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. നടിക്കെതിരെയും നടിയുടെ അഭിഭാഷകനെതിരെയുമാണ് ബാലചന്ദ്ര മേനോൻ ഡിജിപിക്ക് പരാതി നൽകിയത്. യുട്യൂബ് ചാനലുകളുടെ ഉള്ളടക്കം പരിശോധിച്ച് തുടർ നടപടിയുണ്ടാകുമെന്ന് സൈബർ പൊലീസ് അറിയിച്ചു.
നേരത്തെ ജയസൂര്യ, മണിയൻപിള്ള രാജു, മുകേഷ്, ഇടവേള ബാബു എന്നിവർക്കെതിരെയും ഈ നടി പരാതി ഉന്നയിച്ചിരുന്നു. പിന്നാലെ നടന്മാർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചായായി നടിയുടെ പ്രതികരണങ്ങളാണ് യുട്യൂബ് ചാനലുകളിലൂടെ സംപ്രേക്ഷണം ചെയ്തത്.















