ഭുവനേശ്വർ: ഒഡിഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിൽ ദർശനം നടത്തി ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി. കുടുംബത്തോടൊപ്പമാണ് യുഎസ് അംബാസഡർ ക്ഷേത്ര ദർശനം നടത്തിയത്. ക്ഷേത്രത്തിൽ നടന്ന പ്രത്യേക പൂജകളിൽ പങ്കെടുത്ത്, ക്ഷേത്ര പുരോഹിതനിൽ നിന്ന് പ്രസാദം സ്വീകരിച്ച ശേഷമാണ് യുഎസ് അംബാസഡറും കുടുംബവും മടങ്ങിയത്.

കുടുംബത്തോടൊപ്പം ഈ പുണ്യയിടത്തിൽ ദർശനം നടത്താൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് എറിക് ഗാർസെറ്റി മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചു. ഒരു തീർത്ഥാടകൻ, അല്ലെങ്കിൽ ഒരു വിനോദസഞ്ചാരി എന്ന നിലയിൽ വരാൻ സാധിക്കുന്ന മനോഹരമായ സ്ഥലമാണിവിടം. ഇവിടുത്തെ ശക്തി തനിക്ക് അനുഭവിക്കാൻ കഴിയുന്നുണ്ടെന്നും യുഎസ് അംബാസഡർ പറഞ്ഞു.

ദർശനത്തിന് ശേഷം ജഗന്നാഥ ക്ഷേത്രത്തെ കുറിച്ച് ഗാർസെറ്റി എക്സിൽ പരാമർശിച്ചു. പുരിയിലെ അവിശ്വസനീയമായ ഇടമാണ് ജഗന്നാഥ ക്ഷേത്രം. 1,000 വർഷം പഴക്കമുള്ള ക്ഷേത്രമാണിത്. പുരോഹിതന്മാർ 65 മീറ്റർ മുകളിലുള്ള ടവറിൽ കയറി, പതാക മാറ്റുന്ന കാഴ്ച അത്ഭുതകരമായിരുന്നു. ദുർഗാ പൂജകൾക്കായി പുരിയിലെ തെരുവുകൾ ഒരുങ്ങികഴിഞ്ഞു. ഇത് ഇന്ത്യയുടെ ചൈതന്യത്തെയാണ് പ്രകീർത്തിക്കുന്നത്. രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം കൊണ്ട് തന്നെ അമ്പരപ്പിക്കുന്നുവെന്നും ഐറിക് ഗാർസെറ്റി എക്സിൽ കുറിച്ചു.
















