2024-ൽ മലയാള സിനിമാ മേഖലയിൽ വലിയ ഹിറ്റ് സമ്മാനിച്ച ചിത്രമായ മഞ്ഞുമ്മൽ ബോയ്സ് റഷ്യൻ കിനോബ്രാവേ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കാനൊരുങ്ങുന്നു. റഷ്യയിലെ സോചിയിൽ കഴിഞ്ഞ ദിവസമാണ് മേള ആരംഭിച്ചത്. ഒക്ടോബർ നാല് വരെയായിരിക്കും ചലച്ചിത്ര മേള നടക്കുക.
റഷ്യൻ കിനോബ്രാവോ മേളയിൽ പ്രദർശിപ്പിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് മഞ്ഞുമ്മൽ ബോയ്സ്. നാളെ (സെപ്റ്റംബർ 30) നാണ് മഞ്ഞുമ്മൽ ബോയ്സ് പ്രദർശിപ്പിക്കുന്നത്. ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്ര മേളകളിലൊന്നാണ് കിനോബ്രാവോ.
വിവിധ ഭാഷകളിൽ നിന്നായി ബോക്സോഫീസിൽ ഒന്നാം സ്ഥാനത്തെത്തിയ സിനിമകളാണ് പ്രദർശനത്തിന് പരിഗണിക്കുന്നത്. കിനോബ്രാവോയിൽ പ്രദർശിപ്പിക്കുന്ന സിനിമകൾ റഷ്യൻ, അന്തർദേശീയ മേഖലകളിൽ പ്രചരിപ്പിക്കുക എന്നത് ലക്ഷ്യമിട്ടാണ് മേള സംഘടിപ്പിക്കുന്നത്.
ചിദംബരം സംവിധാനം ചെയ്ത് ഫെബ്രുവരി 22-ന് പുറത്തിറങ്ങിയ മഞ്ഞുമ്മൽ ബോയ്സ് ആഗോള ബോക്സോഫീസിൽ വലിയ കളക്ഷനാണ് സ്വന്തമാക്കിയത്. 200 കോടി ക്ലബിൽ കയറിയ ആദ്യ മലയാള ചിത്രം എന്ന വിശേഷണം കൂടി മഞ്ഞുമ്മൽ ബോയ്സ് നേടിയിരുന്നു. ചിത്രത്തിന് ആഗോളതലത്തിൽ ഏറെ ശ്രദ്ധനേടാൻ സാധിച്ചത് മലയാള സിനിമാ മേഖലയ്‌ക്ക് തന്നെ അഭിമാനമായിരുന്നു.