മലപ്പുറം: ടാറ്റയും തായ്‌വാൻ ആസ്ഥാനമായുള്ള പവർചിപ്പ് സെമികണ്ടക്ടർ മാനുഫാക്ചറിംഗ് കോർപ്പറേഷനും സംയുക്തമായി നടപ്പാക്കാനൊരങ്ങുന്ന പദ്ധതിയിൽ മലപ്പുറവും. ഗുജറാത്തിലെ ധോലേരയിൽ സ്ഥാപിക്കുന്ന അത്യാധുനിക സെമികണ്ടക്ടർ ഫാബ്രിക്കേഷൻ ഫെസിലിറ്റിയുടെ (ഫാബ്) അനുബന്ധ പ്ലാൻ്റായിരിക്കും മലപ്പുറത്തെ താനൂരിനടുത്ത് ഒഴൂർ ഗ്രാമപഞ്ചായത്തിൽ പരിഗണിക്കുന്നത്. പദ്ധതി വരുന്ന വിവരം ടാറ്റാ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരനാണ് പുറത്തുവിട്ടത്.
ടാറ്റാ ഗ്രൂപ്പും സംസ്ഥാന സർക്കാരും പ്ലാന്റ് സംബന്ധിച്ച ചർച്ചകൾ നടത്തുന്നുണ്ട്. നിർമിതബുദ്ധിയിൽ അധിഷ്ഠിതമായ സാങ്കേതികവിദ്യ പൂർണമായും ഉപയോഗപ്പെടുത്തിയുള്ള പ്ലാന്റുകളിൽ ഒരു ലക്ഷത്തോളം പേർക്ക് തൊഴിലവസരം ഉണ്ടാകുമെന്നാണ് ടാറ്റാ ഗ്രൂപ്പിന്റെ കണക്കുകൂട്ടൽ.
ആഗോള അർദ്ധചാലക വ്യവസായത്തിൽ വൻ കുതിപ്പാണ് ടാറ്റ ലക്ഷ്യം വയ്‌ക്കുന്നത്. ടാറ്റാ സൺസിന്റെ ഉപസ്ഥാപനമായ ടാറ്റാ ഇലക്ട്രോണിക്സ് പിഎസ്എംസിയുമായി ചേർന്ന് ഇന്ത്യയിലെ ആദ്യത്തെ എഐ ഫാബ് യാഥാർത്ഥ്യമാക്കുമെന്നും അറിയിച്ചിട്ടുണ്ട്.















