അമരാവതി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി കൂടിക്കാഴ്ച നടത്തി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫ് അലി. ആന്ധ്രാപ്രദേശിൽ നിക്ഷേപം നടത്തുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച നടന്നത്. ചന്ദ്രബാബു നായിഡുവിന്റെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച.
വിശാഖപട്ടണം, വിജയവാഡ, തിരുപ്പതി എന്നിവ ഉൾപ്പെടെ സംസ്ഥാനത്തെ പ്രധാന മേഖലകളിലേക്ക് നിക്ഷേപം നടത്തുന്നതിനെ കുറിച്ച് ഇരുവരും ചർച്ച ചെയ്തു. വിവിധ നിക്ഷേപ മാർഗങ്ങളും നടപടികളും ഇരുവരും വിലയിരുത്തി.
വിശാഖപട്ടണത്ത് ഒരു മാളും വിജയവാഡയിലും തിരുപ്പതിയിലും ഹൈപ്പർമാർക്കറ്റും ആരംഭിക്കുന്നതിന് താത്പര്യമുണ്ടെന്ന് യൂസഫ് അലി മുഖ്യമന്ത്രിയെ അറിയിച്ചു. സംസ്ഥാനത്തിന്റെ പരിധിക്കുള്ളിൽ ഭക്ഷ്യസംസ്കരണ വ്യവസായത്തിൽ നിക്ഷേപം നടത്തുന്നതിനും ലുലു ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചു.
സംസ്ഥാനത്ത് നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിവിധ മാർഗങ്ങളെ കുറിച്ച് ഇരുവരും ചർച്ച ചെയ്തു. ആന്ധ്രയിൽ നിക്ഷേപം നടത്താനുളള ലുലു ഗ്രൂപ്പിന്റെ തീരുമാനത്തിന് മുഖ്യമന്ത്രി നന്ദി അറിയിക്കുകയും ചെയ്തു.