ബെയ്റൂട്ട്: ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള തലവൻ സയ്യിദ് ഹസ്സൻ നസറുള്ള കൊല്ലപ്പെട്ടതോടെ പുതിയ തലവൻ ആരാകുമെന്ന ചർച്ചകളാണ് ഉയരുന്നത്. നസറുള്ളയുടെ പകരക്കാരനായി ഹാഷിം സഫീദിൻ എത്തുമെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
ലെബനനിൽ നടന്ന വ്യോമാക്രമണത്തിൽ സഫീദിൻ കൊല്ലപ്പെട്ടതായി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നെങ്കിലും ജീവനോടെയുണ്ടെന്നാണ് പുതിയ റിപ്പോർട്ട്. 32 വർഷം ഹിസ്ബുള്ളയെ നയിച്ച, ഭീകരാക്രമണങ്ങൾക്കും വിവിധ ഓപ്പറേഷനുകൾക്കും നേതൃത്വം നൽകിയ നസറുള്ളയ്‌ക്ക് പകരമാകാൻ ഇനിയാര് എന്ന ചോദ്യമുയരുമ്പോഴാണ് ഹാഷിം സഫീദിന്റെ പേരുകൾ റിപ്പോർട്ട് ചെയ്യുന്നത്.
നിലവിൽ ഹിസ്ബുള്ളയുടെ എക്സിക്യൂട്ടീവ് കൗൺസിലിന്റെ മേധാവിയാണ് സഫീദിൻ. സംഘടനയുടെ മിലിട്ടറി ഓപ്പറേഷനുകൾ കൈകാര്യം ചെയ്തിരുന്നതും സഫീദിൻ ആണ്. നസറുള്ളയുടെ ബന്ധുവാണ് സഫീദിൻ. മുൻ തലവനെ പോലെ ശിരസിൽ കറുത്ത തൊപ്പി ധരിച്ചാണ് സഫീദിനും പൊതുമദ്ധ്യത്തിൽ പ്രത്യക്ഷപ്പെടാറുള്ളത്.
യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് 2017ൽ ഭീകരനായി പ്രഖ്യാപിച്ചയാൾ കൂടിയാണ് സഫീദിൻ. തെക്കൻ ലെബനനിലെ ദീർ ഖനൂർ അൽ-നഹറിൽ 1964ലായിരുന്നു ജനനം. ഇറാനിൽ ഉന്നതവിദ്യാഭ്യാസം പൂർത്തിയാക്കി ബെയ്റൂട്ടിലേക്ക് തിരിച്ചെത്തിയ സഫീദിൻ, നസറുള്ളയുടെ പിൻഗാമിയാകുമെന്ന് 1990കളിൽ സംഘടന പ്രഖ്യാപിച്ചിരുന്നു.