പാലക്കാട്: പി.വി അൻവർ എംഎൽഎ പങ്കെടുത്ത യോഗത്തിൽ മാദ്ധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റ ശ്രമം. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റിന്റെ സമ്മാനപദ്ധതി ഉദ്ഘാടനത്തിനിടെയായിരുന്നു സംഘർഷം. ഇന്ന് രാവിലെ പാലക്കാട് അലനല്ലൂരിലാണ് സംഭവം.
പരിപാടി ഉദ്ഘാടനം ചെയ്ത് അൻവർ മടങ്ങുന്നതിനിടെ മാദ്ധ്യമപ്രവർത്തകർ രാഷ്‌ട്രീയപരമായി ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന് മറുപടി നൽകാതെ അൻവർ മടങ്ങുകയും ചെയ്തു. എന്നാൽ അത്തരം ചോദ്യങ്ങൾ ഇവിടെ ചോദിക്കേണ്ടെന്നു പറഞ്ഞ് പരിപാടിക്കെത്തിയ ഒരാൾ മാദ്ധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയായിരുന്നു.
സംഭവത്തിൽ മറ്റുള്ളവരും ഇടപെട്ടതോടെ സ്ഥലത്ത് നേരിയ സംഘർഷമുണ്ടായി. തുടർന്ന് പൊലീസും ഏകോപന സമിതിക്കാരും ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നു.
അൻവർ അനുകൂലികളാണോ, അതോ അൻവറിനെതിരെ രംഗത്തിറങ്ങാൻ സിപിഎം ആഹ്വാനം ചെയ്തതിന്റെ ഭാഗമായെത്തിയ സഖാക്കളാണോ കയ്യേറ്റം നടത്തിയതെന്ന് വ്യക്തമല്ല.
തന്റെ അറിവോടെ നടന്ന സംഭവമല്ലെന്ന് പിവി അൻവർ പ്രതികരിച്ചു. മാദ്ധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചവർക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.