ന്യൂഡൽഹി: സമുദ്രാതിർത്തികളിൽ ഇന്ത്യൻ നാവികസേനയുടെ കരുത്തുകൂട്ടാൻ തയാറായി കാൽവരി ക്ലാസിലെ ആറാമത്തെയും അവസാനത്തെയും അന്തർവാഹിനി ‘വാഗ്‌ഷീർ’. അന്തർവാഹിനി ഡിസംബറിൽ കമ്മീഷൻ ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. പ്രോജക്ട് 75 എന്ന പേരിൽ 23,562 കോടി ചെലവ് വരുന്ന പദ്ധതിക്ക് കീഴിലാണ് ‘വാഗ്‌ഷീർ’ നിർമ്മിച്ചത്.
മുംബൈയിലെ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡിൽ (MDL) നിർമിച്ച അന്തർവാഹിനിയുടെ അന്തിമ പരീക്ഷണങ്ങൾ നടത്തിവരികയാണെന്ന് അധികൃതർ അറിയിച്ചു. ഫ്രഞ്ച് സ്ഥാപനമായ നേവൽ ഗ്രൂപ്പിൽ നിന്നും കൈമാറ്റം ചെയ്ത സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കൽവാരി ക്ലാസ് (സ്കോർപീൻ) ഡീസൽ-ഇലക്ട്രിക് ആക്രമണ അന്തർവാഹിനികൾ നിർമ്മിച്ചിരിക്കുന്നത്. സമുദ്രാതിർത്തിയിൽ യുദ്ധങ്ങൾ, അന്തർവാഹിനികൾ തമ്മിലുള്ള യുദ്ധം, ദീർഘദൂര ആക്രമണങ്ങൾ, രഹസ്യാന്വേഷണം തുടങ്ങിയ ദൗത്യങ്ങൾ നിർവഹിക്കാൻ ഇവ സഹായിക്കും.
ആഗസ്ത് 29-ന് ഇന്ത്യയുടെ രണ്ടാമത്തെ തദ്ദേശീയ ആണവോർജ്ജ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനിയായ ഐഎൻഎസ് അരിഘട്ട് വിശാഖപട്ടണത്ത് കമ്മീഷൻ ചെയ്തിരുന്നു. ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ സൈനിക ശക്തി വർദ്ധിപ്പിക്കുന്നതിനായി MDL-ൽ ഇത്തരം മൂന്ന് അന്തർവാഹിനികൾ കൂടി നിർമ്മിക്കാൻ ഫ്രാൻസുമായി ഇന്ത്യ ചർച്ച നടത്തുന്നുണ്ട്.















