ശ്രീനഗർ: ഇന്ത്യയുമായി നല്ല ബന്ധത്തിലായിരുന്നുവെങ്കിൽ അന്താരാഷ്‌ട്ര നാണ്യ നിധിയിൽ (IMF) നിന്നും പാകിസ്താന് ലഭിക്കുന്നതിലും അധിക തുക ഇന്ത്യ നൽകുമായിരുന്നുവെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യയുമായി ശത്രുത നിലനിർത്താനാണ് പാകിസ്താൻ ആഗ്രഹിക്കുന്നത്. എന്നാൽ ഇന്ത്യയുമായി നല്ല ബന്ധം സ്ഥാപിക്കുകയാണെങ്കിൽ പാകിസ്താന് ഭാരതം സഹായ ഹസ്തം നീട്ടുമായിരുന്നുവെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ജമ്മുകശ്മീരിലെ ബന്ദിപ്പോരയിൽ പൊതുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” പാകിസ്താനി സുഹൃത്തുക്കളെ.. നിങ്ങൾ എന്തിനാണ് ഇന്ത്യയുമായുള്ള ബന്ധം വളഷാക്കിയത്. ഇന്ത്യയുമായി സൗഹൃദത്തിലായിരുന്നുവെങ്കിൽ ഐഎംഎഫിനോട് നിങ്ങൾ ആവശ്യപ്പെടുന്നതിലും കൂടുതൽ തുക ഇന്ത്യ നൽകുമായിരുന്നു. എന്നാൽ നിങ്ങൾ ഭാരതത്തെ ദ്രോഹിക്കാനാണ് ശ്രമിച്ചത്. അത് വച്ചുപൊറുപ്പിക്കാനാവില്ല.”- രാജ്‌നാഥ് സിംഗ് പറഞ്ഞു.
ജമ്മുകശ്മീരിന്റെ വികസന പ്രവർത്തനങ്ങൾക്കായി 2014-2015ൽ പ്രധാനമന്ത്രി നരേന്ദ്രമോദി 90,000 കോടി അനുവദിച്ചിരുന്നു. ഐഎംഎഫിൽ നിന്ന് പാകിസ്താൻ ആവശ്യപ്പെതട്ടതിനെക്കാൾ അധിക തുകയാണിത്. എന്നാൽ ഐഎംഎഫ് അനുവദിച്ച പണം വികസന പ്രവർത്തനങ്ങൾക്കോ ജനങ്ങൾക്കോ വേണ്ടി ഉപയോഗിക്കാതെ ഭീകരവാദ പ്രവർത്തനങ്ങൾക്കായി പാകിസ്താൻ ദുരുപയോഗം ചെയ്യുകയാണെന്നും രാജ്‌നാഥ് സിംഗ് തുറന്നടിച്ചു.
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയുടെ വാചകവും പ്രസംഗത്തിനിടെ രാജ്‌നാഥ് സിംഗ് ഉദ്ധരിച്ചിരുന്നു. ” നിങ്ങൾക്ക് സുഹൃത്തുക്കളെ മറ്റാൻ സാധിച്ചേക്കും, എന്നാൽ അയൽക്കാരെ മാറ്റാൻ സാധിക്കില്ല.”- രാജ്‌നാഥ് സിംഗ് പറഞ്ഞു.















