ഹൈദരാബാദ്: മകളുടെ വിവാഹത്തിന് സ്വർണസാരി സ്വന്തമായി നെയ്തെടുത്ത് പിതാവ്. തെലങ്കാനയിലെ സിർസില്ല സ്വദേശിയായ വിജയ് കുമാർ എന്ന നെയ്‌ത്തുകാരനാണ് മകളുടെ വിവാഹത്തിന് സ്വർണസാരി നെയ്തത്. 18 ലക്ഷം രൂപ വിലമതിക്കുന്ന സാരിയാണ് വിജയ് കുമാർ മകൾക്കായി ഒരുക്കിയിരിക്കുന്നത്.
കൈത്തറി നെയ്‌ത്തുകാർക്ക് പേരുകേട്ട സ്ഥലമാണ് തെലങ്കാനയിലെ സിർസില്ല എന്ന ഗ്രാമം. ഗ്രാമത്തിലെ പ്രധാന വ്യവസായികളിലൊരാളാണ് വിജയ് കുമാർ. ആറ് മാസം മുമ്പാണ് മകൾക്കായി സ്വർണസാരി നിർമിക്കാൻ അദ്ദേഹം തീരുമാനിച്ചത്.
സ്വർണനൂൽ തയാറാക്കിയ ശേഷം 12 ദിവസം കൊണ്ടാണ് സാരി നെയ്തെടുത്തത്. പൂർണമായും സ്വർണം കൊണ്ട് നിർമിച്ച സാരിയ്‌ക്ക് അഞ്ചര മീറ്റർ നീളമുണ്ട്. 200 ഗ്രാം സ്വർണമാണ് സാരിയ്‌ക്കായി ഉപയോഗിച്ചിരിക്കുന്നത്.
തന്റെ മകൾക്ക് വേണ്ടി സ്വർണസാരി നിർമിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷവും സംതൃപ്തിയുമുണ്ടെന്ന് വിജയ് കുമാർ പറഞ്ഞു. ഇത്തരമൊരു സാരി നെയ്യാൻ സാധിച്ചത് അഭിമാനകരമാണ്. നെയ്‌ത്തുകലയോടുള്ള തന്റെ അടങ്ങാത്ത താത്പര്യമാണ് ഇത് ചെയ്യാൻ കാരണമെന്നും നാളുകളായുള്ള തന്റെ സ്വപ്നമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.