ടെൽഅവീവ്: ലെബനനിലെ ബെയ്‌റൂട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. ഇരുപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലുകൾ കനത്തതിന് ശേഷം ഇതാദ്യമായാണ് നഗരമേഖലയിൽ ഇസ്രായേൽ ആക്രമണം നടത്തുന്നത്. ആക്രമണത്തിൽ തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ട് ഫോർ ദി ലിബറേഷൻ ഓഫ് പാലസ്തീനിലെ മൂന്ന് നേതാക്കൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു.
കോല മേഖലയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ തങ്ങളുടെ നേതാക്കൾ കൊല്ലപ്പെട്ട വിവരം പിഎഫ്എൽപിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് മുതൽ ബെയ്‌റൂട്ടിന്റെ വിവിധ മേഖലകളിൽ ഇസ്രായേലി ഡ്രോണുകൾ ആക്രമണം നടത്തുന്നുണ്ടെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബെയറൂട്ടിന് പിന്നാലെ ലെബനനിലെ ബെക്കാ മേഖലയാണ് ഇസ്രായേൽ സൈന്യം ലക്ഷ്യമിടുന്നത്.
അതേസമയം ലെബനനിൽ നിന്ന് വിക്ഷേപിച്ച മിസൈലുകൾ വിജയകരമായി തടയാൻ സാധിച്ചുവെന്നും ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. ലെബനനിലെ തീവ്രവാദ കേന്ദ്രങ്ങൾക്ക് പുറമെ യെമനിലെ ഹൂതി വിമതരെ ലക്ഷ്യമിട്ടും ഇസ്രായേൽ ആക്രമണം കടുപ്പിച്ചിട്ടുണ്ട്. ഹസൻ നസ്രല്ലയുടെ മരണത്തിന് പിന്നാലെ ഹൂതി വിമതർ ഇസ്രായേലിനെതിരായ ആക്രമണം കടുപ്പിച്ചിരുന്നു. പിന്നാലെയാണ് മേഖലയിലെ യുദ്ധവിമാനങ്ങളും, തുറമുഖങ്ങളും പവർപ്ലാന്റുകളും ലക്ഷ്യമിട്ട് ഐഡിഎഫ് ശക്തമായി തിരിച്ചടിച്ചത്. ആക്രമണത്തിൽ നാല് ഭീകരരെ വധിക്കുകയും ചെയ്തു.















