തിരുവനന്തപുരം/ നാഗർ കോവിൽ: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന വിഗ്രഹ ഘോഷയാത്രയിൽ പങ്കെടുക്കാൻ ശുചീന്ദ്രത്ത് നിന്ന് മുന്നൂറ്റി നങ്കാ ദേവി പുറപ്പെട്ടു. മുന്നൂറ്റി നങ്കൈയ്‌ക്ക് കേരള – തമിഴ്നാട് പോലീസ് സേനകൾ സംയുക്തമായി ഗാർഡ് ഓഫ് ഓണർ നൽകി.
നവരാത്രി മഹോത്സവ പ്രമാണിച്ച് ഇക്കൊല്ലത്തെ വിഗ്രഹങ്ങളുടെ ഘോഷയാത്ര ഉൾപ്പെടെയുള്ള ആഘോഷങ്ങൾ പതിവനുസരിച്ച് തമിഴ്നാട് -കേരള സർക്കാറുകൾ സംയുക്തമായി സംഘടിപ്പിക്കും.
നവരാത്രി ആഘോഷം ആചാരപൂർവ്വം നടത്തുന്നതിന്റെ ഭാഗമായി പത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് വിഗ്രഹങ്ങൾ വഹിച്ചു കൊണ്ടുള്ള യാത്ര പദ്മനാഭപുരത്ത് നിന്ന് ഒക്ടോബർ 1 ന് ആരംഭിക്കും. ഇന്ന് വൈകുന്നേരത്തോടെ കൽക്കുളം നീലകണ്ഠസ്വാമി ക്ഷേത്രത്തിൽ എത്തുന്ന മുന്നൂറ്റി നങ്കാ ദേവി നാളെ രാവിലെ തേവാരക്കെട്ട് ക്ഷേത്രത്തിനു മുന്നിൽ എത്തും. നാളെ പുലർച്ചെ നാലുമണിയോടെ കുമാരകോവിലിൽ നിന്ന് വേളിമല കുമാരസ്വാമി പത്മനാഭപുരത്തേക്ക് എഴുന്നള്ളും. പത്മനാഭപുരം കൊട്ടാരത്തിലെ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം മുന്നൂറ്റിനങ്കദേവിയും വേളിമല കുമാര സ്വാമിയും, പദ്മനാഭപുരത്തെ തേവാരക്കെട്ട് സരസ്വതീ ദേവിയും അനന്തപുരിയിലേക്ക് ഘോഷയാത്രയായി പുറപ്പെടും.
ഘോഷയാത്ര ആദ്യദിവസം ഒക്ടോബർ 1 ന് രാത്രിയോടെ കുഴിത്തുറയിലെത്തും. തുടർന്ന് കുഴിത്തുറ മഹാദേവ ക്ഷേത്രത്തിൽ ഘോഷയാത്ര വിശ്രമിക്കും. പിറ്റേദിവസം ഒക്ടോബർ 2 ന് രാവിലെ കുഴിത്തുറയിൽ നിന്നും തിരിക്കുന്ന ഘോഷയാത്രയ്‌ക്ക് കേരള അതിർത്തിയിൽ സ്വീകരണവും ഉണ്ടാകും. അന്ന് രാത്രിയോടെ നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ എത്തുന്ന ഘോഷയാത്ര പിറ്റേന്ന് ഒക്ടോബർ 3 ന് രാവിലെ പുറപ്പെട്ട് രാത്രിയോട് കൂടെ കിഴക്കേക്കോട്ടയിൽ എത്തും. ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ കരുവേലപ്പുര മാളികയ്‌ക്കുമുന്നിൽ ഈ ഘോഷയാത്രയ്‌ക്കു തിരുവിതാംകൂർ രാജ കുടുംബാംഗങ്ങൾ ആചാരപരമായ വരവേൽപു നൽകും. തിരുവിതാംകൂറിന്റെ ട്രഷറിയായിരുന്ന കരുവേലപ്പുര മാളിക പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ പത്മ തീർഥക്കുളത്തിന് എതിർവശത്താണ്
വേളിമല കുമാരസ്വാമിയെ ആര്യശാല ക്ഷേത്രത്തിലും , ശുചീന്ദ്രം മുന്നൂറ്റിനങ്കയെ ചെന്തിട്ട ക്ഷേത്രത്തിലും തേവാരക്കെട്ട് സരസ്വതി ദേവിയെ നവരാത്രി മണ്ഡപത്തിലും പൂജയ്‌ക്കിരുത്തുന്നു.
തുടർന്ന്, നവരാത്രി ആഘോഷം വിജയദശമി ദിനമായ ഒക്ടോബർ 13-ന് സമാപിക്കും. ഒരു ദിവസത്തെ “നല്ലിരിക്ക”ക്ക് ശേഷം ഒക്ടോബർ 15ന് വിഗ്രഹങ്ങളുടെ തിരിച്ചുള്ള യാത്ര ആരംഭിക്കും. ഒക്ടോബർ 17 നു പദ്മനാഭ പുരത്ത് എത്തിച്ചേരും.
നൂറ്റാണ്ടുകളായി തുടരുന്നു ഈ ആചാരം തമിഴ്നാട് കേരള സംസ്ഥാനങ്ങൾ തമ്മിലുള്ള സാംസ്കാരിക വിനിമയത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകം കൂടിയാണ്.















