ഗാന്ധിനഗർ: ഗുജറാത്തിൽ 1.6 കോടിയുടെ വ്യാജ കറൻസികൾ പിടിച്ചെടുത്ത് അഹമ്മദാബാദ് പൊലീസ്. മഹാത്മാഗാന്ധിക്ക് പകരം ബോളിവുഡ് നടൻ അനുപം ഖേറിന്റെ ചിത്രങ്ങളോടുകൂടിയ നോട്ടാണ് പിടിച്ചെടുത്തത്. 500 ന്റെ നോട്ടുകളാണ് ഇത്തരത്തിൽ വ്യാജമായി നിർമ്മിച്ചിരിക്കുന്നത്.
നേരത്തെ സെപ്റ്റംബർ 22 ന് സൂറത്തിൽ വ്യാജ കറൻസി നിർമ്മാണ യൂണിറ്റ് പൊലീസ് കണ്ടെത്തുകയും നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ബോളിവുഡ് നടൻ ഷാഹിദ് കപൂറിന്റെ ‘ഫർസി’ എന്ന സീരീസിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ വ്യാജ കറൻസി യൂണിറ്റ് പ്രവർത്തിച്ചിരുന്നതെന്ന് പൊലീസ് കമ്മീഷണർ രാജ്ദീപ് നുകും പറഞ്ഞു.
അനുപം ഖേറിന്റെ ചിത്രം പതിച്ച വ്യാജ കറൻസികളിൽ ‘റിസർവ് ബാങ്ക് ഓഫ് ഇന്ത്യ’ (Reserve Bank of India) എന്നതിനുപകരം ‘റിസോൾ ബാങ്ക് ഓഫ് ഇന്ത്യ’ (Resole Bank of India) എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിൽ നടൻ അനുപം ഖേർ നടുക്കം രേഖപ്പെടുത്തി. ഇങ്ങനെയുള്ള തട്ടിപ്പുകളിലൂടെ എന്തും സംഭവിക്കാമെന്നും അദ്ദേഹം സമൂഹമാദ്ധ്യമത്തിലൂടെ പ്രതികരിച്ചു. അതേസമയം, കങ്കണ റണാവത്ത് പ്രധാന കഥാപാത്രമായ ‘എമർജൻസി’ യാണ് അനുപം ഖേറിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന ബോളിവുഡ് ചിത്രം.