കൊച്ചി: നിലമ്പൂർ എംഎൽഎ പിവി അൻവർ രാഷ്‌ട്രീയ വിശദീകരണ യോഗത്തിൽ സർക്കാരിനെതിരെ ആകെ ആന ഇറങ്ങുന്നു കാട്ടുപന്നി ഇറങ്ങുന്നുവെന്ന് മാത്രമാണ് പറഞ്ഞതെന്ന് സിപിഎം നേതാവും മുൻമന്ത്രിയുമായ എകെ ബാലൻ. അതിനപ്പുറം എന്താണ് അൻവർ പ്രസംഗത്തിൽ പറഞ്ഞതെന്ന് അദ്ദേഹം ചോദിച്ചു. പിന്നെ വായിൽ തോന്നിയ കാര്യങ്ങൾ പറയുന്നു. അത് അദ്ദേഹത്തിൽ നിന്നും ഒരിക്കലും പ്രതീക്ഷിച്ചതല്ല. നല്ല പ്രോത്സാഹനമാണ് അൻവറിന് സിപിഎം നൽകിയത്. അദ്ദേഹത്തെ നല്ല രൂപത്തിൽ സ്വീകരിച്ചു. പറയുന്ന കാര്യങ്ങൾ കേട്ടു മാന്യമായ സമീപനവും കാട്ടിയെന്നും എകെ ബാലൻ പറഞ്ഞു.
അഞ്ച് നേരം നിസ്‌കരിക്കുന്നതാണ് എനിക്കെതിരായ ആരോപണമെന്ന കളള പ്രചാരണമാണ് ഒരു തുറുപ്പുചീട്ട് എന്ന നിലയിൽ പ്രസംഗത്തിന്റെ ഇടയിൽ അൻവർ കാച്ചിവിട്ടത്. ഇതേ ശൈലി പിടിച്ചുകൊണ്ടായിരിക്കും കേരളത്തിന്റെ പല ഭാഗങ്ങളിലും പ്രസംഗിക്കാൻ പോകുകയെന്നതാണ് അദ്ദേഹം നൽകുന്ന സൂചന. അൻവർ യഥാർത്ഥത്തിൽ തീക്കൊളളി കൊണ്ടു തല ചൊറിയുകയാണെന്നും എകെ ബാലൻ പറഞ്ഞു.
സ്വതന്ത്രമായി ഇടതുപക്ഷത്തിന് അനുകൂലമായി ചിന്തിക്കുന്ന ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതാണ് അൻവർ ഇപ്പോൾ നടത്തുന്ന സമീപനങ്ങൾ. അത് വഴിവിട്ടുവെന്നതിന് തെളിവാണ് ഇന്നലത്തെ പ്രയോഗങ്ങൾ. സാധാരണ നിലയിൽ ഇതേ രീതിയിൽ ഉളള പ്രയോഗം ഇതുവരെ അൻവർ പ്രയോഗിച്ചിട്ടില്ല. അത് ഒരു ദുഷ്ടലാക്കാണ്. കേരളത്തിലെ ജനത തിരിച്ചറിയുമെന്നും എകെ ബാലൻ പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 43 ശതമാനം വോട്ടാണ് മലപ്പുറത്ത് എൽഡിഎഫിന് ലഭിച്ചത്. മുസ്ലീം വിഭാഗത്തിൽ നിന്ന് വലിയ തളളിച്ച എൽഡിഎഫിനും പ്രത്യേകിച്ച് സിപിമ്മിനും ഉണ്ടായി. അതിന്റെ പ്രധാനപ്പെട്ട മർമ്മം പിണറായി വിജയന്റെ ഇടപെടലാണ്. അതുകൊണ്ടു തന്നെ പിണറായിയെ മതന്യൂനപക്ഷങ്ങളിൽ നിന്ന് ഒറ്റപ്പെടുത്താനാണ് നീക്കമെന്നും എകെ ബാലൻ ആരോപിച്ചു.
ചാനൽ ചർച്ചകളിൽ മുഖ്യമന്ത്രിയെ നിരന്തരം വിമർശിക്കുന്ന ആളാണ് ജയ്ശങ്കർ. ഞങ്ങളെ നഖശിഖാന്തം എതിർക്കുന്ന ജയ്ശങ്കറിന്റെ തലയിൽ മലം കലർത്തിയ വെളളം ഒഴിക്കുമെന്ന് വരെ പറഞ്ഞു. എന്താണ് അൻവറിന് സംഭവിച്ചതെന്ന് അറിയില്ല. ഇപ്പോൾ അവസാനം പറയുന്നത് തന്നെ കളളനാക്കാൻ മുഖ്യമന്ത്രി ശ്രമിച്ചു. അതുകൊണ്ടാണ് പ്രകോപിതനായത് എന്നാണ്. അൻവർ പറഞ്ഞ നാല് കാര്യങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തുന്നുണ്ടെന്ന് എകെ ബാലൻ പറഞ്ഞു.
സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി കാക്കിയുടുപ്പുളള ആർഎസ്എസുകാരനാണെന്ന് പറഞ്ഞു. ജില്ലാ സെക്രട്ടറിയുടെ അച്ഛൻ സർക്കസിലെ കോമാളിയാണ് എന്നുവരെ പറഞ്ഞു. നെഹ്‌റു താമസിച്ച വീട്ടിലെ പാരമ്പര്യമുളള ഒരു പിതാവിന്റെ മകന് യോജിച്ചതാണോ ഈ പ്രയോഗങ്ങളെന്ന് എകെ ബാലൻ ചോദിച്ചു. അത് അദ്ദേഹം പരിശോധിക്കേണ്ടതാണ്.
അൻവറിന് ഒരാഴ്ച കൂടി കാത്ത് നിൽക്കാമായിരുന്നു. അപ്പോഴേക്കും അന്വേഷണം പൂർത്തിയാകുമായിരുന്നു. അതുവരെ കാത്തിരിക്കാമല്ലോ?. അപ്പോൾ പ്രശ്‌നം ആ കാര്യങ്ങളിൽ അന്വേഷണം നടത്തുകയെന്നതല്ലെന്നും അൻവറിന്റെ നീക്കത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും എകെ ബാലൻ ആരോപിച്ചു.